ദില്ലി: മെസേജ് ആപ്പ് ഹൈക്ക് പുതിയ പദ്ധതിയുമായി രംഗത്ത്. ഹൈക്ക് ടോട്ടല്‍ എന്നാണ് യുഎസ്എസ്ഡി അഥവ അണ്‍സ്ട്രക്ച്ചര്‍ സപ്ലിമെന്‍ററി സര്‍വീസ് ഡാറ്റ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പാക്കിന്‍റെ പേര്. പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങുമ്പോള്‍ ഡാറ്റ ഉപയോഗം ഇല്ലാതെ ചില അത്യവശ്യ ആപ്പുകള്‍ വഴി അത്യവശ്യ സേവനങ്ങള്‍ ഹൈക്ക് സന്ദേശ ആപ്പിന് ഒപ്പം ലഭിക്കുന്നതാണ് ഈ സേവനം. ഏയര്‍ടെല്‍ ആണ് ഇതില്‍ ഹൈക്കിന്‍റെ പങ്കാളികള്‍.

ഏയര്‍ടെല്‍ തന്നെ മുഖ്യ പ്രമോട്ടര്‍മാരായ ഹൈക്കിന്‍റെ മേധാവി കെവിന്‍ ഭാരതി മിത്തല്‍ ആണ് ദില്ലിയില്‍ ഇത് പുറത്തിറക്കിയത്. ക്രിക്കറ്റ് സ്കോര്‍, ജ്യോതിഷം, പണകൈമാറ്റം തുടങ്ങിയ അത്യവശ്യ കാര്യങ്ങള്‍ ഡാറ്റയില്ലാതെ തന്നെ നടത്താം എന്നതാണ് ഹൈക്ക് ടോട്ടലിന്‍റെ ഒരു പ്രത്യേകത. ഇന്‍ടെക്സ്, കാര്‍ബണ്‍ കമ്പനികളാണ് ഈ പദ്ധതിയുടെ ഹാര്‍ഡ് വെയര്‍ പാര്‍ട്ണര്‍മാര്‍.

കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ എത്തിക്കാനുള്ള ഏയര്‍ടെല്‍ പദ്ധതിക്ക് ഒപ്പം തന്നെ ഹൈക്ക് ടോട്ടലും പ്രാവര്‍ത്തികമാകും എന്നാണ് കരുതപ്പെടുന്നത്. വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് ടോട്ടല്‍ എന്നാണ് കെവിന്‍ മിത്തല്‍ പറയുന്നത്.