Asianet News MalayalamAsianet News Malayalam

ഇഷ്ടപ്പെട്ട ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ ഒരു മാസം കൂടി; അറിയേണ്ട 10 കാര്യങ്ങള്‍

ഫെബ്രുവരി 1ന് പുതിയ ഉപയോക്താവിന്‍റെ തിരഞ്ഞെടുപ്പ് അനുസരിച്ച് കേബിള്‍ വരിസംഖ്യാനിരക്ക് എന്ന രീതി നിലവില്‍ വരും

TRAI Gives Consumers 34 More Days To Move To New Cable, DTH Packs
Author
Kerala, First Published Dec 31, 2018, 11:43 AM IST

പേ ചാനലുകളുടെയും സൗജന്യ ചാനലുകളുടെയും പട്ടികയിൽനിന്ന് ഉപയോക്താക്കൾക്ക് ജനുവരി 31 വരെ ഇഷ്ടചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ട്രായി നീട്ടി കഴിഞ്ഞു. ഫെബ്രുവരി 1ന് പുതിയ ഉപയോക്താവിന്‍റെ തിരഞ്ഞെടുപ്പ് അനുസരിച്ച് കേബിള്‍ വരിസംഖ്യാനിരക്ക് എന്ന രീതി നിലവില്‍ വരും. പുതിയ നിയമം സംബന്ധിച്ച് ഉപയോക്താക്കളുടെ തെറ്റിദ്ധാരണകൾ മാറാനാണു കൂടുതൽ സമയം അനുവദിക്കുന്നതെന്ന് ട്രായ് വ്യക്തമാക്കുന്നത്. കേബിൾ ഓപ്പറേറ്റർമാർക്കും ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സർവീസുകളുടെ ആവശ്യപ്രകാരമാണ് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ഒരു മാസം കൂടി അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു ടിവി ഉപയോക്താവ് അറിയേണ്ട 10 കാര്യങ്ങള്‍ ഇവയാണ്.

1. പുതിയ സംവിധാനത്തിലൂടെ നിങ്ങള്‍ക്ക് വീട്ടിലെ കേബിൾ\ഡിടിഎച്ച് കണക്‌ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാം, ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ ഭേദഗതി നല്‍കുന്നത്.

2. എന്നാല്‍ 100 ചാനലുകള്‍ ഉള്ള അടിസ്ഥാന പാക്ക് നിങ്ങള്‍ക്ക് ലഭിക്കും.  130 രൂപയായിരിക്കും ഈ പാക്കിന് ജിഎസ്ടിയും ചേർത്ത് ഏതാണ്ട് 160 രൂപ നല്‍കേണ്ടി വരും ( ഇത് അന്തിമമല്ല). ഇതിൽ 26 ചാനലുകൾ ദൂരദർശന്‍റെ ചാനലുകളായിരിക്കും. ഇതിന് പുറമേയുള്ള ഫ്രീ ചാനലുകളില്‍ നിന്നും  74 എണ്ണം ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

3. രാജ്യത്താകെ, റജിസ്റ്റർ ചെയ്ത് സംപ്രേഷണം നടത്തുന്നത് 873 ചാനലുകളാണ്. ഇതിൽ 541 എണ്ണം സൗജന്യ (ഫ്രീ ടു എയർ) ചാനലുകളാണ്. 332 ചാനലുകളാണ് പേ ചാനലുകൾ.

4.  ഇതിന് പുറമേയാണ് പേ ചാനലുകള്‍ തിരഞ്ഞെടുക്കേണ്ടത്.  ഇതിനായി ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകൾ നോക്കാം. 

5. ഒരു പേചാനലിന് പരമാവധി ഈടാക്കുവാന്‍ പറ്റുന്ന തുക 19 രൂപയാണ്. ഒരു രൂപയിൽ താഴെ വിലയുള്ള ചാനലുകളുണ്ട്. കമ്പനികൾ നിശ്ചയിക്കുന്ന പാക്കേജില്‍ പ്രത്യേക വിലയില്‍ ഒരു കൂട്ടം ചാനലുകള്‍ കാണുവാന്‍ സാധിക്കും. 

6. പേ ചാനലുകളുടെ വില വിവരം അറിയുന്നതിനായി ട്രായി വെബ് സൈറ്റ് നോക്കാം. അല്ലെങ്കിൽ കേബിൾ– ഡി‍ടിഎച്ച് സേവനദാതാക്കള്‍ അവരുടെ സൈറ്റുകളില്‍ വിവരം നല്‍കുന്നുണ്ട്. ഒപ്പം ചാനലുകളില്‍ ബ്രോഡ്കാസ്റ്റിംഗ് സംഘടനയും, ഒരോ നെറ്റ്വര്‍ക്കുകളും ഇത് സംബന്ധിച്ച് പരസ്യം ചെയ്യുന്നുണ്ട്.

7. ഉപയോക്താവിന്‍റെ ഇഷ്ടം പരിഗണിക്കുന്നതോടെ, ഒരു ചാനല്‍ നമ്മുക്ക് ഇഷ്ടമുള്ള കാലത്ത് മാത്രം തിരഞ്ഞെടുക്കാം. അതായത് ഫുട്ബോള്‍ ലോകകപ്പ് കാണുവാന്‍ അത് പ്രക്ഷേപണം ചെയ്യുന്ന ചാനല്‍ എപ്പോഴും സബ്സ്ക്രൈബ് ചെയ്യേണ്ട, ടൂര്‍ണമെന്‍റ് നടക്കുന്ന കാലത്ത് മാത്രം മതി.

8. കൂടുതൽ നെറ്റ്‌വർക്കുകളും ഓപ്പറേറ്റർമാരും ഒരു മാസത്തിനുള്ളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതോടെ ഉപയോക്താവിന് തിരഞ്ഞെടുക്കാന്‍ കൂടുതല്‍ ഓപ്ഷന്‍ ലഭിക്കും.

9. ചാനലുകൾ കേബിൾ, ഡിടിഎച്ച് നെറ്റ്‌വർക്കുകളിൽ ഉൾപ്പെടുത്താനുള്ള ക്യാരേജ് ഫീസും പുതിയ ചട്ടപ്രകാരം കുറയുമെന്നാണ് സൂചന

10. മലയാളത്തിൽ 14 ചാനലുകൾക്കാണ് പ്രത്യേകം പണം കൊടുത്ത് വരിക്കാരാകേണ്ടത്. 


 

Follow Us:
Download App:
  • android
  • ios