ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികളാണ് ജിയോയെ നിലയ്ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ട്രായ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. താരിഫ് പ്ലാനുകള്‍ നടപ്പാക്കുന്നതിന് മുമ്പ് ഇപ്പോള്‍ പ്രമോഷണല്‍ ഓഫറായി നല്‍കിക്കൊണ്ടിരിക്കുന്ന സൗജന്യ സേവനങ്ങള്‍ നിയമ വിരുദ്ധമാണെന്നാണ് ഈ കമ്പനികള്‍ പരാതി നല്‍കിയിരിക്കുന്നത്.

കത്ത് നല്‍കിയതിന് പിന്നാലെ കമ്പനി പ്രതിനിധികള്‍ ട്രായ് ചെയര്‍മാനെ കഴിഞ്ഞ ദിവസം നേരിട്ട് കണ്ട് പരാതി പറഞ്ഞിരുന്നു. വിവിധ ഓപറേറ്റര്‍മാര്‍ പരസ്പരം കോളുകള്‍ കണക്ട് ചെയ്യുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍കണക്ഷന്‍ ചാര്‍ജ് അടക്കമുള്ള പ്രശ്നങ്ങള്‍ ഇവര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. മറ്റ് കമ്പനികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന നീക്കമാണ് ജിയോ നടത്തുന്നതെന്നും കര്‍ശനമായി ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കണമെന്നുമുള്ള ആവശ്യം പരിശോധിക്കാമെന്നും ഇക്കാര്യം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ പറഞ്ഞു. 2004ലെ ട്രായ് റെഗുലേഷന്‍ അനുസരിച്ച് മറ്റ് കമ്പനികളുടെ നിലനില്‍പ്പ് അപകടത്തിലാവുന്ന തരത്തിലുള്ള താരിഫ് ഏര്‍പ്പെടുത്താന്‍ ഒരു കമ്പനിക്കും അധികാരമില്ലെന്ന് വോഡഫോണ്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് സുനില്‍ സൂദ് മാധ്യമങ്ങളോട് പറഞ്ഞു.