Asianet News MalayalamAsianet News Malayalam

വാവേ, ഹൈക് വിഷൻ എന്നീ കമ്പനികൾ ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിൽ എന്ന ആരോപണവുമായി ട്രംപ് അഡ്മിനിസ്ട്രേഷൻ

ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്കൻ വിപണിയിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു നിരോധനം കൊണ്ടുവരുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ ആരോപണത്തെ വിദഗ്ധർ കാണുന്നത്. 

Trump administration black lists Huawei, Hikvision alleging Chinese military control
Author
America, First Published Jun 26, 2020, 2:16 PM IST

വാഷിംഗ്ടൺ : മൊബൈൽ, സെമികണ്ടക്ടർ, ടെലികമ്യൂണിക്കേഷൻ വ്യവസായ രംഗത്തെ ഭീമന്മാരായ വാവേ ടെക്‌നോളജീസ്, വീഡിയോ സർവൈലൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ഹൈക് വിഷൻ എന്നിവ ചൈനീസ് സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത് എന്ന ആരോപണവുമായി ട്രംപ് അഡ്മിനിസ്ട്രേഷൻ. ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്കൻ വിപണിയിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു നിരോധനം കൊണ്ടുവരുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ ആരോപണത്തെ വിദഗ്ധർ കാണുന്നത്. 

കഴിഞ്ഞ വർഷം ഈ രണ്ടു കമ്പനികളെയും വ്യാപാര കരിമ്പട്ടികയിൽ പെടുത്തി, രാജ്യസുരക്ഷ എന്ന കാരണം ചൂണ്ടിക്കാട്ടി സഖ്യകക്ഷികളിലെയടക്കം 5G കരാറുകളിൽ നിന്ന് ഈ കമ്പനികളെ പുറത്താക്കാൻ ഒരു ക്യാമ്പയിൻ തന്നെ അമേരിക്കൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇത്തരത്തിൽ ചൈനീസ് ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത് എന്ന് മുദ്രകുത്തി ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് (DoD) ബ്ലാക്ക് ലിസ്റ്റ് ചെയ്ത, അമേരിക്കയിൽ ഇപ്പോഴും പ്രവർത്തിച്ചു പോരുന്ന 20 കമ്പനികളുടെ പട്ടിക ആദ്യം പുറത്തുകൊണ്ടുവന്നത് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്‌സ് ആയിരുന്നു.

 

 

 

ഈ രണ്ടു കമ്പനികൾക്ക് പുറമെ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് ഗ്രൂപ്പ്, ചൈന ടെലിക്കമ്യൂണിക്കേഷൻസ് കോർപ്, വിമാന നിർമാണ കമ്പനിയായ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പ് ഓഫ് ചൈന(AVIC) എന്നിവയും DoD ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 

വാവേ ടെക്‌നോളജീസ്, ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് ഗ്രൂപ്പ്, ചൈന ടെലിക്കമ്യൂണിക്കേഷൻസ് കോർപ്, വിമാന നിർമാണ കമ്പനിയായ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പ് ഓഫ് ചൈന(AVIC) എന്നിവ ഈ ആരോപണങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചപ്പോൾ ഹൈക് വിഷൻ ഈ ആരോപണങ്ങളെ വസ്തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞു. തങ്ങൾക്ക് ചൈനീസ് സൈന്യവുമായി യാതൊരു ബന്ധവുമില്ല എന്നും അവർ അടിവരയിട്ടു പറഞ്ഞു. 

കോവിടിന്റെ കാര്യത്തിൽ തുടങ്ങിയ അമേരിക്ക-ചൈന പോര് മറ്റു പല വിഷയങ്ങളിലേക്കും വ്യാപിച്ച സാഹചര്യമാണ് ഇന്നുള്ളത്. കഴിഞ്ഞ ദിവസമാണ് ഹോങ്കോങ് വിഷയത്തിൽ ചൈനയ്‌ക്കെതിരെ ഉപരോധങ്ങൾക്ക് വ്യവസ്ഥ ചെയ്യുന്ന 'ഹോങ്കോങ് ഓട്ടോണമി ആക്‌റ്റ്' അമേരിക്കൻ സെനറ്റ് ഐകകണ്ഠ്യേന പാസാക്കിയത്. ഹോങ്കോങ്ങിന്മേലുള്ള ചൈനീസ് അധിനിവേശത്തെ പിന്തുണയ്ക്കുന്ന വ്യാപാരസ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപാടുകൾ നടത്തുന്ന ബാങ്കുകൾക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള വ്യവസ്ഥകൾ വരെ ഉൾപ്പെടുന്നതാണ് സെനറ്റ് പാസാക്കിയ 'ഹോങ്കോങ് ഓട്ടോണമി ആക്‌റ്റ്'. ജനപ്രതിനിധി സഭയും പാസാക്കുകയും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇതില്‍ ഒപ്പിടുകയും ചെയ്‌താല്‍ ഇത് നിയമമാകും. ഉയിഗുറുകൾക്കെതിരെയുള്ള അതിക്രമങ്ങൾ കാരണവും ചൈനയ്ക്കുമേൽ പലവിധ ഉപരോധങ്ങളും അമേരിക്കയുടെ ഭാഗത്തുനിന്ന് ഇതിനകം വന്നിട്ടുണ്ട്. 

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വ്യാപാര കരിമ്പട്ടിക, ലോകത്തെ ഏറ്റവും വലിയ വ്യാവസായിക രാജ്യങ്ങളായ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിൽ ഇപ്പോൾ തന്നെ ആടിയുലഞ്ഞു നിൽക്കുന്ന വ്യാപാര ബന്ധങ്ങളെ ഒന്നുകൂടി ദുർബലമാകും എന്ന കാര്യത്തിൽ തർക്കമില്ല. 

Follow Us:
Download App:
  • android
  • ios