സാംസങ് തങ്ങളുടെ എം സീരീസിലേക്ക് ഗാലക്‌സി M67 എന്ന പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ട ഈ ഫോണിന് കരുത്തേകുന്നത് എക്‌സിനോസ് 2200 ചിപ്‌സെറ്റാണെന്നും 8 ജിബി റാം, ആൻഡ്രോയിഡ് 17 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയുണ്ടാകുമെന്നും ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ അടുത്തിടെ ഗാലക്‌സി M47 5G അവതരിപ്പിച്ച സാംസങ്, എം സീരീസിലേക്ക് മറ്റൊരു പുതിയ സ്‍മാർട്ട്ഫോൺ കൂടി എത്തിക്കാനൊരുങ്ങുന്നതായി സൂചന. സാംസങ് ഗാലക്‌സി M67 എന്ന പേരിൽ വിപണിയിലെത്തുമെന്ന് കരുതുന്ന പുതിയ ഹാൻഡ്‌സെറ്റ് ഇപ്പോൾ ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതോടെ ഫോണിന്റെ പ്രധാന സാങ്കേതിക സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.
ഗീക്ക്ബെഞ്ചിൽ SM-M676K എന്ന മോഡൽ നമ്പറോടെയാണ് പുതിയ സാംസങ് ഫോൺ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ ഹാൻഡ്‍സെറ്റിന്‍റെ വിപണന നാമം വെളിപ്പെടുത്തിയിട്ടില്ല എങ്കിലും മോഡൽ നമ്പർ പരിശോധിക്കുമ്പോൾ ഇത് ഗാലക്‌സി M67 ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയൻ വിപണിക്കായുള്ള പതിപ്പായിരിക്കാനും സാധ്യതയുണ്ട്.
ലിസ്റ്റിങ്ങ് പ്രകാരം, പുതിയ ഫോണിൽ സാംസങ്ങിന്റെ S5E9925 ഒക്ടാകോർ ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 1.82GHz അടിസ്ഥാന ക്ലോക്ക് സ്പീഡും 2.80GHz വരെ പരമാവധി ക്ലോക്ക് സ്പീഡുമുള്ള ഈ പ്രോസസർ 4 നാനോമീറ്റർ എക്‌സിനോസ് 2200 ചിപ്‌സെറ്റാണെന്നാണ് വിലയിരുത്തൽ. പെർഫോമൻസ് പരിശോധനയിൽ സിംഗിൾ-കോർ വിഭാഗത്തിൽ 1,435 പോയിന്റും മൾട്ടി-കോർ വിഭാഗത്തിൽ 3,744 പോയിന്റും ഫോൺ നേടിയതായും ഗീക്ക്ബെഞ്ച് വിവരങ്ങൾ വ്യക്തമാക്കുന്നു.
ആൻഡ്രോയിഡ് 17 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നതെന്നും 8 ജിബി റാം ലഭ്യമാകുമെന്നും ലിസ്റ്റിങ്ങ് സൂചിപ്പിക്കുന്നു. മറ്റ് സ്റ്റോറേജ് ഓപ്ഷനുകളോ ക്യാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഫോണിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും സാംസങ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ ലോഞ്ച് വൈകില്ലെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗാലക്‌സി M47 5Gയുടെ പ്രാരംഭ വില 25,999 രൂപയാണ്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം എന്നിവയോടെയാണ് ഫോൺ എത്തുന്നത്. സ്നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് കരുത്തേകുന്നത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയുൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും 12 മെഗാപിക്സൽ സെൽഫി ക്യാമറയും 6,000 എംഎഎഎച്ച് ബാറ്ററിയും 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഫോണിലുണ്ട്.


