ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 80 കി.മീ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്. തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുന്നതും ജനങ്ങള്‍ നിലവിളിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. 

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാലുവില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. ആറര അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് പാലുവിലേക്ക് അടിച്ചു കയറിയതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 80 കി.മീ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്. തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുന്നതും ജനങ്ങള്‍ നിലവിളിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. 

നേരത്തെ ഭൂകമ്പത്തിന് പിന്നാലെ കാലാവസ്ഥാ നിരീക്ഷണവിഭാഗം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. സുനാമി അടിച്ചതിനെ തുടര്‍ന്ന് മേഖലയിലാകെ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

എന്നാല്‍ ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും ഏഷ്യന്‍ തീരത്തും, ഇന്ത്യന്‍ മഹാസമുദ്രത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 2004 ഡിസംബർ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയിൽ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടർന്നുണ്ടായ സൂനാമിയിൽ വിവിധ രാജ്യങ്ങളിലായി 2,30,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇത്രയും തീവ്രതയില്ലാത്ത ഭൂകമ്പമാണ് ഇപ്പോള്‍ സംഭവിച്ചത് എന്നതിനാല്‍ തന്നെ ഇന്ത്യന്‍ തീരങ്ങള്‍ സുനാമി ഭീതിയില്‍ നിന്നും മുക്തമാണ്.

2006ൽ യോഗ്യാകർത്തായിൽ ഉണ്ടായ 6.3 തീവ്രതയുള്ള ഭൂചലനത്തിൽ 6000 പേർ കൊല്ലപ്പെട്ടു. ഈ വർഷം ലോംബോക്കിലുണ്ടായ ഭൂചലനത്തിൽ 550 പേർ കൊല്ലപ്പെട്ടു.