കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ട്വിറ്റര്‍. 

സാന്‍ഫ്രാന്‍സിസ്കോ: വിവിധ രാജ്യങ്ങളില്‍ കൊവിഡ് 19(കൊറോണ വൈറസ്) പടരുന്ന സാഹചര്യത്തില്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താന്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കി ട്വിറ്റര്‍. രോഗവ്യാപം തടയാനായി തിങ്കളാഴ്ച മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് ജീവനക്കാര്‍ക്ക് ട്വിറ്റര്‍ നല്‍കിയ നിര്‍ദ്ദേശം. 

ലോകമെമ്പാടുമുള്ള 5000 ജീവനക്കാര്‍ക്കാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും വീട്ടിലിരുന്ന് മാത്രം ജോലി ചെയ്താല്‍ മതിയെന്നും ബ്ലോഗ് പോസ്റ്റിലൂടെ ട്വിറ്റര്‍ അറിയിച്ചു. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ട്വിറ്ററിന് പുറമെ മറ്റ് മുന്‍നിര ടെക് കമ്പനികളെല്ലാം കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് അറിയിച്ചു കഴിഞ്ഞു. 

എല്ലാ ജീവനക്കാരുടെയും അനിവാര്യമല്ലാത്ത ബിസിനസ് യാത്രകളും മറ്റ് ഇവന്‍റുകളും കമ്പനി നിരോധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ട്വിറ്ററിലെ ബ്ലോഗ് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ടെക്സസിലെ ഓസ്റ്റിനിലെ സൗത്ത് വെസ്റ്റ് മാധ്യമ സമ്മേളനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് 19 പടരാനുള്ള സാധ്യത കുറയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്വിറ്ററിന്‍റെ മാനവ വിഭവശേഷി മേധാവി ജെന്നിഫര്‍ ക്രിസ്റ്റി പറഞ്ഞു.