യുസി ബ്രൗസര്‍ ഉടന്‍ പ്ലേസ്റ്റോറില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. യുസി ബ്രൗസറിന്‍റെ ചില സെറ്റിങുകള്‍ ഗൂഗിളിന്‍റെ നയങ്ങളോടു ചേരാത്തതിനാലാണ് ആപ്ലിക്കേഷന്‍ പിന്‍വലിച്ചതെന്നും, ആപ്ലിക്കേഷന്‍ അടുത്തയാഴ്ചതന്നെ പ്ലേസ്റ്റോറില്‍ തിരികെയെത്തുമെന്നും യുസി വെബ് വ്യക്തമാക്കി. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസര്‍ ആപ്ലിക്കേഷന്‍ ചൊവ്വാഴ്ച രാത്രി മുതലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. 

സുരക്ഷാ പ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു നടപടിയ്ക്ക് കാരണമായതെന്നായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്നും തങ്ങളുടെ സ്ഥാപനത്തിന്റെ പ്രതിനിധികളെന്ന പേരില്‍ മാധ്യമ വാര്‍ത്തകളില്‍ വന്ന പേരുകളൊന്നും യുസിവെബുമായി യാതൊരുവിധ ബന്ധവുമില്ലാത്തവയാണെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അനുഭവം നല്‍കുന്നതിനാണ് തങ്ങളുടെ നയങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ആ നയങ്ങള്‍ ലംഘിക്കുന്നതിനാലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതെന്നുമാണ് ഗൂഗിള്‍ പ്രതികരിച്ചത്.