ദില്ലി: കേന്ദ്ര – സംസ്ഥാന സർക്കാർ വെബ്സൈറ്റുകൾ ആധാർ വിവരങ്ങൾ പരസ്യപ്പെടുത്തിയതായി സമ്മതിച്ച് ആധാറിന്‍റെ അതോററ്റിയായ യുഐഡിഎഐ. ആധാർ ഉടമകളിൽ ചിലരുടെ പേരും വിലാസവുമൊക്കെയാണ് സർക്കാർ വെബ്സൈറ്റുകളിൽ വന്നത്. വിവരം അറിഞ്ഞതിനു പിന്നാലെ വെബ്സൈറ്റുകളിൽനിന്ന് ഇവ നീക്കം ചെയ്തുവെന്നും വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ യുഐഡിഎഐ പറഞ്ഞു. എന്നാൽ കരാറിന്‍റെ ലംഘനം നടന്നത് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉൾപ്പെടെ ഏകദേശം 210 കേന്ദ്ര – സംസ്ഥാന വിഭാഗങ്ങളുടെ വെബ്സൈറ്റുകളിലാണ് ആധാർ നമ്പറും പേരും വിലാസവുമടക്കമുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് യുഐഡിഎഐ പറയുന്നു. ഇന്ത്യയിൽ താമസിക്കുന്നവർക്കുള്ള തിരിച്ചറിയൽ രേഖയായിട്ടാണ് 12 അക്ക നമ്പറുള്ള ആധാർ നൽകിയിരിക്കുന്നത്.
ജനത്തിന് ആവശ്യമുള്ള എല്ലാ സംവിധാനങ്ങളുമായും ഇതു ബന്ധിപ്പിച്ച് എല്ലാവരെയും ഒറ്റ തിരിച്ചറിയിൽ രേഖയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. സുരക്ഷ ഉറപ്പുവരുത്തി തയാറാക്കിയ സംവിധാനമാണ് ആധാറെന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.
