ലണ്ടന്‍: കേംബ്രിഡ്ജ് അനലിറ്റക്കയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ കേസില്‍   ഫേസ്ബുക്കിന് അഞ്ചുലക്ഷം പൗണ്ട്  പിഴ. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഫേസ്ബുക്കിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് ഫേസ്ബുക്കിന്‍റെ അറിവോടെയാണെന്നുള്ളതുകൊണ്ടുതന്നെ ഇത് വലിയ നിയമ ലംഘനമാണെന്നും ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മിഷ്ണറുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്കു കൈമാറിയെന്നും ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണര്‍ (ഐ.സി.ഓ) അറിയിച്ചു. യുറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുള്ള വിവരസംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ളതില്‍ പരമാവധി തുകയാണ് ഫേസ്ബുക്കിന് പിഴയായി വിധിച്ചിരിക്കുന്നത് .

2007 മുതല്‍ 2014 വരെയുള്ള കാലയളവിനുള്ളില്‍  ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി കൈകാര്യം ചെയ്യുകയും വ്യക്തമായ അനുമതിയില്ലാതെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയെന്നും പിഴത്തുക സ്ഥിതീകരിച്ച് ഐസിഒ വ്യക്തമാക്കി 

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയായ ഫേസ്ബുക്കില്‍നിന്ന ഉണ്ടായ വിവര ചോര്‍ച്ചയെ സംബന്ധിച്ച് ഫേസ്ബുക്ക് ക്ഷമ ചോദിച്ചിരുന്നു. നഷ്ടപ്പെട്ട വിവരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്നും ഫേസ്ബുക്ക് വിശദീകരണം നല്‍കിയിരുന്നു.