ദില്ലി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ മോഡലുകള്‍ മെയ് 15വരെ പ്രത്യേക ഓഫറുകള്‍ ഏര്‍പ്പെടുത്തി സാംസങ്ങ്. ഇതില്‍ ഏറ്റവും ആകര്‍ഷകമായ ഓഫര്‍ സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്സി എസ്6, ഗ്യാലക്സി നോട്ട്5 എന്നിവ ഒരു രൂപയുടെ ഡൗണ്‍ പേമന്‍റില്‍ സ്വന്തമാക്കാം എന്നതാണ്. 

പിന്നീട് പത്ത്മാസത്തെ ഇന്‍സ്റ്റാള്‍മെന്‍റില്‍ ബാക്കി തുക അടച്ച് തീര്‍ക്കാം. ഗ്യാലക്സി എസ്6, 33,900 രൂപയാണ് ഇപ്പോഴത്തെ വില. ഗ്യാലക്സി നോട്ട് 5ന് ഇന്ത്യയിലെ വില 42,900 രൂപയാണ്. ഇതിനോടൊപ്പം മറ്റ് ചില ഗാഡ്ജറ്റുകള്‍ക്കും സാംസങ്ങ് തങ്ങളുടെ സൈറ്റിലൂടെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്യാലക്സി എ7ന് പുതിയ വില 29,900 രൂപയാണ്. ഗ്യാലക്സി എ5ന് 24,900 ആണ്. ഗ്യാലക്സി ഗ്രാന്‍റ് പ്രൈം 4ജിയുടെ പുതിയ വില 8,250 ആണ്. ഇതോടൊപ്പം സാംസങ്ങിന്‍റെ യുഎച്ച്ഡി,എച്ച്ഡി കര്‍വ്ഡ് ടിവി എന്നിവയ്ക്ക് 20 ശതമാനം ക്യാഷ് ബാക്ക് ഓഫറും സാംസങ്ങ് നല്‍കുന്നു.