അങ്ങകലെ വിദൂരതയില്‍ തീ ഗോളങ്ങള്‍ പുറന്തള്ളുന്ന ഒരു പടുകൂറ്റന്‍ നക്ഷത്രത്തെ കണ്ടെത്തിയതായി ഗവേഷകര്‍. ചുവപ്പ് ഭീമന്‍ ഗണത്തില്‍ പെടുന്ന വി ഹൈഡ്രേ എന്ന നക്ഷത്രത്തില്‍ നിന്നും ഭീമന്‍ പ്ലാസ്മാഗോളങ്ങള്‍ പുറത്തുവരുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഹബ്ബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിനിടയിലാണ് ചൊവ്വാഗ്രഹത്തിന്റെ രണ്ടുമടങ്ങ് വലുപ്പമുള്ള തീഗോളങ്ങള്‍ പുറന്തള്ളുന്ന അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ ഗവേഷകരുടെ ശ്രദ്ധയിപ്പെടുന്നത്.

ഇന്ധനം എരിഞ്ഞടങ്ങി അവസാനമടുത്ത നക്ഷത്രങ്ങളാണ് ചുവപ്പ് ഭീമന്‍മാര്‍. ഈ അവസാന ഘട്ടത്തില്‍ നക്ഷത്രത്തിലെ വാതകം പുറത്തേക്ക് വ്യാപിച്ച് വിസ്താരം വര്‍ദ്ധിക്കും. എന്നാല്‍ മരണാവസ്ഥയിലെത്തിയ ഇത്തരമൊരു നക്ഷത്രത്തിന് ഇത്ര വലിയ വാതക തീഗോളങ്ങള്‍ എങ്ങനെ പുറത്തുവിടാന്‍ കഴിയുന്നു എന്നതാണ് ഗവേഷകരെ അമ്പരപ്പിക്കുന്നത്.

അതിനാല്‍ ഈ ചുവപ്പ് ഭീമന്‍ ഒറ്റയ്ക്കല്ലന്നും ഒരു ഇരട്ടനക്ഷത്ര വ്യൂഹത്തിലെ അംഗമായ ഇതിന് സമീപത്ത് അതിനെ ചുറ്റുന്ന മറ്റൊരു നക്ഷത്രം കൂടിയുണ്ടെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. ഇതുവരെ നിരീക്ഷിക്കാന്‍ കഴിയാത്ത ആ നക്ഷത്രമാണ് തീഗോളങ്ങള്‍ക്ക് കാരണമായി മാറുന്നതെന്നാണ് നിഗമനം.

ഭൂമിയില്‍ നിന്ന് 1200 പ്രകാശവര്‍ഷമകലെയാണ് വി ഹൈഡ്രേ സ്ഥിതിചെയ്യുന്നത്. 8.5 വര്‍ഷത്തിലൊരിക്കല്‍ നക്ഷത്രത്തിനരികില്‍ നിന്ന് തീഗോളങ്ങള്‍ പുറത്തുവരുന്നതായാണ് നിരീക്ഷിച്ചത്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം താണ്ടാന്‍ ഈ തീഗോളങ്ങള്‍ക്ക് വെറും 30 മിനിറ്റ് മതി. കഴിഞ്ഞ 400 വര്‍ഷമായി അവിടെ നിന്ന് തീഗോളങ്ങള്‍ പുറത്തുവരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.