ജിയോ തരംഗം ആഞ്ഞുവീശുന്നതിനിടെ പൊരുതാനുറച്ച് തന്നെയാണ് മറ്റ് ടെലികോം കമ്പനികള്‍ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വൊഡാഫോണ്‍. റീച്ചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകളാണ് വൊഡാഫോണ്‍ മുന്നോട്ടുവെക്കുന്നത്. ഇതിന്റെ തുടക്കമെന്നോണം ഉത്തര്‍പ്രദേശ് ഈസ്റ്റ് സര്‍ക്കിളിലെ ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫറും ഫുള്‍ ടോക്ക്ടൈമും നല്‍കുന്ന ഓഫര്‍ വൊഡാഫോണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മൈവൊഡാഫോണ്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. മൈവൊഡാഫോണ്‍ ആപ്പ് വഴി 110 രൂപയ്‌ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മുഴുവന്‍ സംസാരസമയം ലഭ്യമാകും. ഇതുകൂടാതെ റീചാര്‍ജ്ജ് തുകയും അഞ്ച് ശതമാനമായ 5.50 രൂപ ആപ്പില്‍ ക്യാഷ്ബാക്കായി ലഭിക്കും. ജിയോ ഉയര്‍ത്തുന്ന മല്‍സരം നേരിടുന്നതിന്റെ ഭാഗമായാണ് വൊഡാഫോണ്‍ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അടുത്തിടെ രാജസ്ഥാന്‍ സര്‍ക്കിളില്‍ അവതരിപ്പിച്ച 348 രൂപയുടെ സ്‌പെഷ്യല്‍ റീച്ചാര്‍ജ് പ്ലാന്‍ ഇതിനോടകം ജനപ്രിയമായി മാറിയിട്ടുണ്ട്. പരിധിയില്ലാത്ത വോയ്സ് കോളും പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയുമാണ് ഈ ഓഫറിലൂടെ ലഭ്യമാകുക. ഇതേ ഓഫര്‍ 349 രൂപയ്‌ക്ക് രാജ്യത്തെ മറ്റു സര്‍ക്കിളുകളിലും വൊഡാഫോണ്‍ നടപ്പാക്കിവരികയാണ്.