ചുവന്ന ഗ്രഹത്തിന്‍റെ ദക്ഷിണമേഖലയിലായാണ് ഇരുപത് കിലോമീറ്ററിലായി പരന്നു കിടക്കുന്ന നിലയില്‍ തടാകം കണ്ടെത്തിയിരിക്കുന്നത്. 

ശാസ്ത്രലോകത്തിന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് അവസാനം. ചൊവ്വാ ഗ്രഹത്തില്‍ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തി. ചൊവ്വയില്‍ ശീതീകരിച്ച നിലയില്‍ ജലസാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും ദ്രവ്യാവസ്ഥയില്‍ ജലമുണ്ടെന്ന വിവരം ചൊവ്വയില്‍ ജീവന്‍റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ചുവന്ന ഗ്രഹത്തിന്‍റെ ദക്ഷിണമേഖലയിലായാണ് ഇരുപത് കിലോമീറ്ററിലായി പരന്നു കിടക്കുന്ന നിലയില്‍ തടാകം കണ്ടെത്തിയിരിക്കുന്നത്. ഉപരിതലത്തില്‍ നിന്നും ഒരു കിലോമീറ്ററോളം താഴെയായാണ് തടാകം സ്ഥിതി ചെയ്യുന്നതെന്നാണ് ഒരു സംഘം ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മാര്‍സ് എക്സ്പ്രസ്സില്‍ ഘടിപ്പിച്ച റഡാര്‍ വഴി നടത്തിയ നിരീക്ഷണത്തിലൂടെയാണ് ചൊവ്വയിലെ തടാകം കണ്ടെത്തിയതെന്ന് പശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. 

2003 മുതല്‍ മാര്‍സ് എക്സ്പ്രസ്സ് ചൊവ്വയെ വലംവച്ചു നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണത്തിനായി വികസിപ്പിച്ചെടുത്ത മാര്‍സിസ്( മാര്‍സ് അഡ്വാന്‍സ്ഡ് റഡാര്‍ ഫോര്‍ സബ് സര്‍ഫസ് ആന്‍ഡ് ലോണോസ്പിയര്‍ സൗണ്ടിംഗ്) എന്ന റഡാര്‍ സംവിധാനമാണ് പുതിയ കണ്ടെത്തലിന് നിര്‍ണായകമായത്. 

മാര്‍സിസിലൂടെ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍ 2012 മെയ് മാസത്തിനും 2015 ഡിസംബറിനും ഇടയില്‍ റഡാറില്‍പതിഞ്ഞ ചില ദൃശ്യങ്ങളില്‍ അസ്വാഭാവികമായ ചില മാറ്റങ്ങള്‍ കണ്ടിരുന്നു. ചൊവ്വാ ഗ്രഹത്തിന്‍റെ ദക്ഷിണഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്ലാനം ആസ്ട്രല്‍ എന്ന മേഖലയിലാണ് ഈ മാറ്റങ്ങള്‍ കണ്ടത്. ബുധനാഴ്ച്ച പുറത്തിറങ്ങിയ സയന്‍സ് മാഗസിനില്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ ആര്‍.ഒറോസിയുടേയും സംഘത്തിന്‍റേയും പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.