ടെക് ലോകത്ത് ചര്‍ച്ചയാകുകയാണ് കാംബ്രിഡ്ജ് അനലിറ്റിക്ക, ഒരു രാജ്യത്തിന്‍റെ ഭാഗദേയം തന്നെ മാറ്റിയെഴുതാന്‍ സൈബര്‍ വിവരങ്ങള്‍ക്ക് സാധിക്കും എന്ന് ഇതിന് മുന്‍പ് തന്നെ ടെക് ലോകത്തെ ഒരു വിഭാഗം വാദിക്കുന്നുണ്ട്. അത് വിശ്വസിക്കാത്തവരും കാംബ്രിഡ്ജ് അനലിറ്റിക്ക എന്ന പേരും അതിന് പിന്നിലെ കഥയും കേട്ടാല്‍ മേല്‍പ്പറഞ്ഞ വാദത്തില്‍ വിശ്വസിച്ച് പോകും.  23 കോടി അമേരിക്കക്കാരുടെ മന: ശാസ്ത്ര വ്യാപരം ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി അതിലൂടെ മനസിലാക്കി, ഒരു പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ തന്നെ സ്വദീനിക്കാന്‍ കഴിഞ്ഞവര്‍.!, ഞെട്ടരുത് അതാണ്  കാംബ്രിഡ്ജ് അനലിറ്റിക്ക.

വോട്ടിംഗ് മീഷെനിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് ഇന്ത്യയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലെ വിവരങ്ങള്‍ വച്ചുള്ള തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പുതിയ ടെക് രാഷ്ട്രീയ അടവുകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കുറച്ചു ദിവസങ്ങളായി ദ ഗാര്‍ഡിയന്‍,  ഓബ്സര്‍വര്‍ എന്നീ രണ്ടു അന്താരാഷ്ട്ര മാധ്യമങ്ങൾ ആണ് കാംബ്രിഡ്ജ് അനലിറ്റിക്കയില്‍ മുമ്പ് ജോലി ചെയ്തിരുന്ന 28-കാരനായ ക്രിസ്റ്റഫര്‍ വൈല്‍ എന്ന കനേഡിയൻ ഗവേഷകന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തെപ്പറ്റി അന്വേഷണം ആരംഭിച്ചത്. കേംബ്രിഡ്ജ് അനലറ്റിക ഒരു കോർപ്പറേറ്റ് കമ്പനിയാണ്. വ്യത്യസ്ത ഉറവിടങ്ങളിൽ നിന്ന് വിവരശേഖരണം നടത്തി ആ ഗവേഷണ ഫലങ്ങൾ പരസ്യമേഖലയിലും ,  വോട്ടെടുപ്പിനെ സ്വാധീനിക്കാനും മറ്റുമായി  ‎ഉപയോഗിക്കുന്ന ഒരു സ്വകാര്യ കമ്പനി.

ഫേസ്ബുക്കില്‍ നിന്ന് മാത്രം വന്‍ വിവരങ്ങള്‍ ഒരോ വ്യക്തിയെ സംബന്ധിച്ചും ചോര്‍ത്തിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് വൈല്‍. എങ്ങനെയാണ് തങ്ങളുടെ രീതികള്‍ എന്ന് ഇയാള്‍ തുറന്നുപറയുന്നു. ബ്രക്സിറ്റിലായിരുന്നു തങ്ങളുടെ ആദ്യത്തെ പ്രവര്‍ത്തനം എന്ന് ഇദ്ദേഹം തുറന്ന് സമ്മതിക്കുന്നു.  ഹിത പരിശോധനയില്‍ വലിയ വിജയം യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധര്‍ക്ക് നല്‍കിയത് തങ്ങളുടെ ഇടപെടലാണെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലായിരുന്നു പ്രവര്‍ത്തനം. തങ്ങള്‍ കൈമാറിയ ബിഗ് ഡാറ്റകള്‍ ട്രംപിന് ഗുണകരമായെന്ന് വ്യക്തമായി എന്നാണ് ഇയാള്‍ പറയുന്നത്.

2014 മുതൽ 50 മില്യൺ അമേരിക്കൻ ഫേസ്ബുക്ക് പ്രൊഫൈലുകളിലെ വ്യക്തിവിവരങ്ങള്‍  പരസ്യത്തിന് എന്ന പേരിൽ ഇവർ സ്വന്തമാക്കി. ഇത് വെറും സിംപിള്‍ പരസ്യമാണെന്ന് കരുതരുത്, ഇന്ന് മലയാളിക്ക് ഫേസ്ബുക്കിലെ ഏറ്റവും രസകരമായ ഏര്‍പ്പാട് ഏതാണ്, നിങ്ങള്‍ മുപ്പത് കൊല്ലം കഴിഞ്ഞാല്‍ എങ്ങനെ, നിങ്ങള്‍ പെണ്ണായാല്‍ എങ്ങനെ, നിങ്ങളുടെ അടുത്ത കാമുകി ആര്.. ഇത്തരത്തിലുള്ള ഓണ്‍ഗെയിമുകള്‍ ഉപയോഗിച്ചാണ് കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തിയത്.

അതേ സമയം കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ കാംബ്രിഡ്ജ് അനലിറ്റിക്ക ഇടപെടല്‍ പുറത്ത് വന്നതോടെ ഇത് പുതിയ വഴിത്തിരിവിലേക്ക് നീങ്ങും എന്ന് ഉറപ്പാണ്. യു എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നു സംഘതലവന്‍ റോബര്‍ട് മുള്ളര്‍ കഴിഞ്ഞ മാസം  വിവര യുദ്ധതന്ത്രം അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ചു എന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ കാംബ്രിഡ്ജ് അനലിറ്റിക്കയുടെ പങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിയിലേക്ക് നിര്‍ണ്ണായകമായ വിവരങ്ങളാണ് നല്‍കുന്നത്.  ഇത്തരം സാഹചര്യങ്ങള്‍എത്രത്തോളം പങ്കുവഹിച്ചെന്ന് പരിശോധിച്ച് വരുകയാണെന്നാണ് റോബര്‍ട് മുള്ളര്‍  ഗാര്‍ഡിയന്‍ പത്രത്തോട് പറയുന്നത്.

ഇന്ത്യയിലും...

ഇനിയാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം, ഗാര്‍ഡിയന്‍ ദിനപ്പത്രം നടത്തിയ വിശദമായ അന്വേഷണങ്ങളില്‍ ,  കാംബ്രിഡ്ജ് അനലിറ്റിക്കയും അതിന്‍റെ മാതൃകമ്പനി എസ്സിഎല്ലും-ഉം ഇന്ത്യയില്‍ ഏറെ സജീവമാണെന്നാണ്. ഏറെനാളായി ഇവര്‍ ഇവിടുത്തെ ഒരു പ്രധാന രാഷ്ട്രീയ കക്ഷിക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്നാണ് എസ്സിഎല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വേണ്ടി വിവര ശേഖരണവും, പെരുമാറ്റ വ്യതിയാന വിനിമയ പ്രചാരണങ്ങളിലും സേവനങ്ങളായി നല്‍കുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അതേ സമയം കാംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ക്രിസ്റ്റഫര്‍ വൈല്‍ ഇന്ത്യയെക്കുറിച്ച് അയാള്‍ വിശദമായി സംസാരിച്ചിട്ടില്ല.

ഫേസ്ബുക്കിന്‍റെ പങ്ക്..

23 കോടി അമേരിക്കക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഫേസ്ബുക്കിന് എന്താണ് പങ്ക് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.  “ഞങ്ങള്‍ ഫെയ്സ്ബുക്കിനെ പൊളിച്ചു” എന്നാണ്   ക്രിസ്റ്റഫര്‍ വൈല്‍ തന്നെ ഗാര്‍ഡിയനോട് തങ്ങളുടെ ദൗത്യം സംബന്ധിച്ച് വെളിപ്പെടുത്തിയത്. ഇതിലൂടെ തങ്ങളുടെ വിവരം ചോര്‍ത്തലില്‍ ഫേസ്ബുക്കിന് കാര്യമായ പങ്കില്ലെന്ന് പറയാന്‍ ശ്രമിക്കുകയാണ് ഇയാള്‍. എന്നാല്‍ അത് അത്ര വിശ്വസത്തില്‍ എടുക്കുന്നില്ല റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രങ്ങള്‍ ഒന്നും. ഫേസ്ബുക്ക് ഇത്തരം ആവശ്യങ്ങളുമായി സഹകരിച്ചിട്ടുണ്ടാകാം. എന്നാൽ ഈ ഡേറ്റാ ദുരുപയോഗം ചെയ്ത് ഈ കമ്പനി നടത്തിയ സൈക്കോളജിക്കൽ അനാലിസിസ് ആണ് ഈ കമ്പനിയുടെ വിജയം എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഫേസ്ബുക്ക് ഈ കമ്പനിയുമായുള്ള സഹകരണം നിരോധിച്ചു എന്നും. ഡേറ്റാ ബ്രീച്ച് നടന്നിട്ടില്ല എന്നും ആവർത്തിച്ച് പറയുന്നു. ഏതായാലും ഒരു അന്വേഷണത്തിന്‍റെ വക്കിലാണ് ഫേസ്ബുക്കും.