ഫേസ്ബുക്കിന് ബദലായി തരംഗമാകുകയാണ് വെറൊ മൂന്ന് വര്‍ഷമായി ഫേസ്ബുക്കിന് ബദലായി എന്ന അവകാശവാദവുമായി വെറൊ രംഗത്തുണ്ട്

ഫേസ്ബുക്കിന് ബദലായി തരംഗമാകുകയാണ് വെറൊ. മൂന്ന് വര്‍ഷമായി ഫേസ്ബുക്കിന് ബദലായി എന്ന അവകാശവാദവുമായി വെറൊ രംഗത്തുണ്ട് എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഈ ആപ്പിലേക്ക് ആളുകള്‍ ഒഴുകുകയാണ്. വലിയ പ്രത്യേകതകള്‍ ഒന്നും ഇല്ലെങ്കിലും ഈ ആപ്പിലേക്ക് ഇങ്ങനെ ആളുകള്‍ ഒഴുകാന്‍ കാരണമെന്താണെന്ന് ആലോചിക്കുയായിരുന്നു ടെക് ലോകം. അതിന് ഇതാണ് മറുപടി.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിന് അടുത്ത് ഡൗണ്‍ലോഡാണ് ഈ ആപ്പ് ഉണ്ടാക്കിയത്. ഫോട്ടോ ഷെയറിംഗ് ആപ്പിന്‍റെ സൗകര്യമാണ് ഒറ്റനോട്ടത്തില്‍ വെറോ പ്രകടമാക്കുന്നത്. എന്നാല്‍ പലപ്പോഴും പണിമുടക്കുന്ന ആപ്പ് എന്ന പേരുദോഷം ഇതിനുണ്ട്. തങ്ങളുടെ സര്‍വീസ് ഉപയോഗിക്കുന്നതിനു താമസിയാതെ ഫീസ് ഏര്‍പ്പെടുത്തുമെന്ന കമ്പനിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ ആളുകളെ കൂട്ടുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വെറും റൂമര്‍ ആണെന്നും ചിലര്‍ പറയുന്നു.

പണം കൊടുത്ത് ഉപയോഗിക്കാനും മാത്രം എന്താണ് എന്നതാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മറ്റൊന്ന് ധാരാളം ഫോളോവെഴ്സുള്ള ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളായ ചില കലാകാരന്മാര്‍ തങ്ങള്‍ വെറൊയിലേക്കു ഒന്നു കളം മാറ്റി നോക്കുകയാണെന്നു പറഞ്ഞതും ആപ്പിനോടുള്ള താത്പര്യം വര്‍ധിപ്പിച്ച ഘടകങ്ങളില്‍ ഒന്നാണ്. പക്ഷേ, ആളുകള്‍ ഇടിച്ചു കയറിത്തുടങ്ങിയത് വെറൊയുടെ ആപ് പണിമുടക്കി. പലര്‍ക്കും സൈന്‍-അപ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഈ കടമ്പകളെല്ലാം കടന്നാലും പലര്‍ക്കും ഒരു പോസ്റ്റ് പോലും നടത്താന്‍ കഴിയുന്നില്ലതാനും.