ഇറ്റലിയില്‍ നിന്ന് കണ്ടെത്തിയ പത്തുവയസുള്ള കുട്ടിയെ അടക്കം ചെയ്ത മൃതദേഹം ശാസ്ത്രലോകത്തിന് നല്‍കുന്നത് നിര്‍ണായക രേഖകള്‍. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്തെന്ന് കരുതപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങളാണ് ഇറ്റലിയില്‍ നിന്ന് കണ്ടെത്തിയത്. വായയ്ക്കുള്ളില്‍ കല്ല് തിരുകി അടച്ച നിലയിലായിരുന്നു തലയോട്ടിയുടെ അവശിഷ്ടങ്ങള്‍ കണ്ടത്.

റോം: ഇറ്റലിയില്‍ നിന്ന് കണ്ടെത്തിയ പത്തുവയസുള്ള കുട്ടിയെ അടക്കം ചെയ്ത മൃതദേഹം ശാസ്ത്രലോകത്തിന് നല്‍കുന്നത് നിര്‍ണായക രേഖകള്‍. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്തെന്ന് കരുതപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങളാണ് ഇറ്റലിയില്‍ നിന്ന് കണ്ടെത്തിയത്. വായയ്ക്കുള്ളില്‍ കല്ല് തിരുകി അടച്ച നിലയിലായിരുന്നു തലയോട്ടിയുടെ അവശിഷ്ടങ്ങള്‍ കണ്ടത്.

ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോയെന്ന് ഇനിയും തിരിച്ചറിയാനാവാത്ത പത്തു വയസു തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളാണ് റോമില്‍ നിന്നും അറുപത് മൈല്‍ അകലെ കണ്ടെത്തിയത്. വലിയൊരു ചുണ്ണാമ്പു കല്ല് വച്ച് അടച്ച നിലയിലായിരുന്നു മൃതദേഹത്തിന്റെ തലയുണ്ടായിരുന്നത്. ചുണ്ണാമ്പു കല്ലില്‍ കുട്ടിയുടെ പല്ലിന്റെ അടയാളങ്ങളും വ്യക്തമായിരുന്നു. 

മരിച്ചയാളുകളോടുള്ള ഭയം നിമിത്തമുള്ള വിചിത്രമായ ആചാരങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കണ്ടെത്തി മൃതദേഹാവശിഷ്ടം. അസുഖങ്ങള്‍ ബാധിച്ച് മരിച്ചവര്‍ ദുരന്തം പടര്‍ത്താതിരിക്കാന്‍ ആദ്യ കാലങ്ങളില്‍ വേറിട്ട രീതിയില്‍ മൃതസംസ്കാരം നടത്തിയിരുന്നതിന്റെ തെളിവായാണ് ഈ കുട്ടിയുടെ മൃതദേഹമെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. 

മലേറിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ച കുട്ടിയെയാവാം ഇത്തരത്തില്‍ സംസ്കരിച്ചതെന്നാണ് അരിസോണ സര്‍വ്വകലാശാലയിലെ ഗവേഷകനായ ജോര്‍ദാന്‍ വില്‍സണ്‍ വിശദമാക്കുന്നത്. കുട്ടികളുടേത് മാത്രമായ നിരവധ മൃതദേഹാവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തുള്ള കുട്ടികളുടെ ശ്മശാനമാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 

മരണത്തില്‍ നിന്ന് എഴുന്നേറ്റ് വരാതിരിക്കാനായി കുട്ടിയുടെ പാദങ്ങള്‍ മൃതദേഹത്തില്‍ നിന്ന് വേര്‍പെടുത്തിയതായി ഗവേഷകര്‍ പറയുന്നു. സൈപ്രസിലാണ് ഇതിന് സമാനമായ ഒരു ശ്മശാനം കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. 1987ല്‍ ആയിരുന്നു ആ കണ്ടെത്തല്‍. സമാനമായ 51 ഓളം മൃതദേഹാവശിഷ്ടങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്. 

അസുഖങ്ങള്‍ ബാധിച്ച് മരിക്കുന്നവരെ സംസ്ക്കരിക്കുന്ന പ്രത്യേക രീതിയായ വാംപയര്‍ സംസ്കാര രീതിയാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. കാല്‍ പാദങ്ങള്‍ തകര്‍ക്കാന്‍ കല്ലു പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണെന്നും ഗവേഷകര്‍ വിശദമാക്കുന്നുണ്ട്. ചില ഭക്ഷണ രീതികളും മലിന ജലത്തിന്റെ ഉപയോഗം നിമിത്തവും ആ കാലഘട്ടങ്ങളില്‍ മലേറിയ പോലുള്ള അലുഖങ്ങള്‍ പടരാനുള്ള സാധ്യതകള്‍ ഏറെയുണ്ടായിരുന്നതായാണ് ഗവേഷകര്‍ വിശദമാക്കുന്നത്.