ഗൂഗിള്‍ അലോ ഉപഭോക്താക്കള്‍ക്ക് എഡ്വാര്‍ഡ് സ്‌നോഡന്‍റെ മുന്നറിയിപ്പ്. ഉപഭോക്താക്കള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എല്ലാ സന്ദേശങ്ങളും കാണാന്‍ അലോ ഗൂഗിളിന് അവസരം ഒരുക്കും എന്നാണു സ്‌നോഡന്‍ പറയുന്നത്. 

ഏതന്‍സ് ഡെമോക്രസി ഫോറത്തിലാണു സ്‌നോഡന്‍ ഇക്കാര്യം പറഞ്ഞത്. ആപ്പ് ഉപയോഗിച്ചു നടത്തുന്ന സംഭാഷണങ്ങളും സന്ദേശങ്ങളും താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കും. എന്നാല്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിച്ച് പിന്നീട് ഇത് ഒഴിവാക്കും എന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. 

എന്നാല്‍ ഈ വാഗ്ദാനം കളവാണെന്നും അലോ ഉപയോഗിച്ചു നടത്തിയിരിക്കുന്ന എല്ലാ ഇടപാടുകളുടെ വിവരങ്ങളും ഇവര്‍ സൂക്ഷിക്കുമെന്നുമാണു സ്‌നോഡന്‍ അഭിപ്രായപ്പെടുന്നത്. ഈ ആപ്പ് എല്ലാ വിവരങ്ങളും സൂക്ഷിക്കും പോലീസിന്‍റെ ഒരു അപേക്ഷ മതി എല്ലാം പുറത്തു കൊണ്ടുവരാന്‍ എന്ന് ട്വിറ്റില്‍ സ്‌നോഡന്‍ പറയുന്നു. 
എന്നാല്‍ വാട്ട്സ്ആപ്പിനെ മറികടക്കാനായി ഗൂഗിള്‍ പുറത്തിറക്കിയ അലോയ്ക്ക് മികച്ച സ്വീകരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. പ്ലേസ്‌റ്റോറില്‍ ലഭ്യമായ അലോ എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ഉപയോഗിക്കാം. ഐ ഫോണ്‍ ഉപയോക്തക്കാള്‍ക്ക് ഐ. ഒ.എസ് ആപ്പ്‌സ്‌റ്റോറിലും അലോ ലഭ്യമാണ്.