കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജന്മാരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി വാട്‌സാപ്. ചട്ടലംഘനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് കമ്പനി. വാട്‌സാപ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കുകയും കോടതി കയറ്റുകയും ചെയ്യുമെന്നാണ് വാട്‌സാപ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഡിസംബര്‍ ഏഴ് മുതലാണ് വാട്‌സാപ് ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ നടപടി എടുക്കുന്നത്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി ബള്‍ക്ക് മെസ്സേജിങ് സോഫ്‌റ്റ്‍വെയറുകള്‍ ഉള്‍പ്പെടെയുള്ളവ തടയാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.  ചട്ടങ്ങളൊക്കെ സ്വീകാര്യമാണെന്നും അവ പാലിക്കുമെന്നും ഉറപ്പ് നല്‍കി എഗ്രീ ബട്ടണ്‍ ക്ലിക്ക് ചെയ്താണ് വാട്‌സാപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. എന്നാല്‍ ഇത്തരം ഉറപ്പുകള്‍ പാലിക്കപ്പെടാതെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വ്യക്തിഹത്യ നടത്താനും ആപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചട്ടലംഘനം നിയമപരമായ കുറ്റമാക്കാന്‍ കമ്പനി തീരുമാനിച്ചത്.

ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍  കര്‍ശനമായി നിരീക്ഷിച്ച് നിയമങ്ങള്‍ പാലിക്കാത്ത 20 ലക്ഷം അക്കൗണ്ടുകള്‍ വീതം ഓരോ മാസവും നീക്കം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വ്യാജന്മാരെ കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരെ നിയമ നടപടി എടുക്കുന്നത് ഇതാദ്യമായാണ്.