ദില്ലി:ബിസിനസ് ആപ്പ് അവതരിപ്പിച്ചതിന് പിന്നാലെ വാട്ട്സ്ആപ്പ് ഇന്ത്യന്‍ വിപണിയില്‍ പുതിയ പേയ്‌മെന്‍റ് സംവിധാനവും അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ പദ്ധതി നടപ്പാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത യു.പി.ഐ അടിസ്ഥാനമാക്കിയാണ് പുതിയ ആപ്പ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ പരസ്പരം എളുപ്പത്തില്‍ നടത്തുന്നതിനുള്ള സൗകര്യം വാട്‌സ്ആപ്പ് പേയ്‌മെന്റില്‍ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ ഗൂഗിള്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റിനായി തേസ് എന്ന ആപ്പ് ഇന്ത്യയില്‍ ഇറക്കിയിരുന്നു. അതേ സമയം വാട്ട്സ്ആപ്പ് ഇറക്കിയ ബിസിനസ് ആപ്പിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിസിനസ് സാധ്യതകൾ കൂടി ഉൾപ്പെടുന്ന വാട്ട്സ്ആപ്പ് ഫോർ ബിസിനസ് ആപ്ലിക്കേഷൻ രംഗത്ത് എത്തിച്ചത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ആപ് തുടക്കത്തിൽ ലഭ്യമാകുക. 

ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ആപ്പിൽ കമ്പനികൾക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്. യൂസർ ചാറ്റ് രൂപത്തിൽ വാണിജ്യസ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ ഇ–മെയിൽ അഥവാ സ്റ്റോർ മേൽവിലാസങ്ങൾ, വെബ്സൈറ്റുകൾ, പ്രത്യേക ഇളവുകൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് കൈമാറാൻ ആപ്ലിക്കേഷൻ സഹായിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും അടുത്തുതന്നെ വാട്സാപ് ഫോർ ബിസിനസ് ആപ് ലഭിക്കുമെന്നാണ് സൂചന.