പാലക്കാട്: പാലക്കാട് നിന്ന് അപ്രത്യക്ഷനായ യഹിയ അവസാനമായി ഉപയോഗിച്ച ഫോണും സിംകാര്‍ഡും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടി. നാടുവിട്ടശേഷം യഹിയ വീട്ടിലേക്ക് അയച്ച വാട്സാപ്പ് നന്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

കഴിഞ്ഞ മെയ് മാസം 16നാണ് യഹിയയും ഭാര്യ മറിയവും പാലക്കാട് യാക്കരയിലെ വീട്ടില്‍ നിന്ന് ശ്രീലങ്കയിലക്ക് എന്ന് പറഞ്ഞ് പോകുന്നത്. അതുവരെ ഉപയോഗിച്ച ഫോണും എയര്‍ടെല്‍ സിംകാര്‍ഡും മറന്നുവച്ച ഇവര്‍ സഹോദരന്‍ ഇസ രണ്ടു ദിവസം കഴിഞ്ഞ് ശ്രീലങ്കയിലേക്ക് പുറപ്പെടുമെന്നും അപ്പോള്‍ ഫോണ്‍ എടുത്ത് ചെല്ലണമെന്നും അറിയിച്ചു. പക്ഷേ ഇസയും ഫോണ്‍ എടുത്തില്ല. 

ഈ ഫോണും സിംകാര്‍ഡുമാണ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുള്ളത്. ഫോണില്‍ നിന്നും ഇവരുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജൂലൈ 5നാണ് അവസാനമായി ബെസ്റ്റിന്‍ എന്ന യഹിയയുടെ ഒരു വാട്സാപ് സന്ദേശം എത്തിയത്. 

"ഇവിടെ ഞങ്ങള്‍ എല്ലാവരും ഉണ്ട്, സേഫ് ആണ്. പുതിയ വീട് റെഡി ആകുന്ന തിരക്കില്‍ ആണ്. ശ്രീലങ്കയില്‍ അല്ല, വേറൊരു സ്ഥലത്താണ്. നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല എന്നു തുടങ്ങി ആരു ചോദിച്ചാലും ശ്രീലങ്കയില്‍ ബിസിനസ് ചെയ്യാന്‍ പോയെന്ന് തന്നെ പറയണമെന്നും. വിളിക്കാന്‍ പറ്റുമ്പോള്‍ വിളിക്കാം എന്നുമായിരുന്നു സന്ദേശം. 

ഇസയെയും യഹിയയെയും കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട് എന്ന് തിരിച്ചയച്ച മെസേജ് വായിച്ചതായും, അവസാനമായി ഈ ഉപഭോക്താവ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത് ജൂലൈ9ന് വൈകീട്ട് ആറരയ്ക്കാണെന്നും കാണിക്കുന്നു. യഹിയയുടേതെന്ന് സംശയിക്കുന്ന ഈ വാട്സാപ് നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.