സ്നാപ്പ്ചാറ്റിന് സമാനമായി പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് തയ്യാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ ഫീച്ചര്‍ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിരുന്നില്ല. പ്രൈവസി സെറ്റിങ്സിനൊപ്പമായിരിക്കും പുതിയ സ്റ്റാറ്റസ് ഫീച്ചര്‍. യൂസര്‍മാര്‍ക്ക് വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇമേജുകളോ വീഡിയോകളോ നല്‍കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. സ്നാപ്പ്ചാറ്റിന്റെ സ്റ്റോറീസ് ഫീച്ചറിന് സമാനമാണ് ഈ ഫീച്ചറും.

ഐഒഎസ് ഡിവൈസുകള്‍ക്കായുള്ള വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഫീച്ചറിന്റെ ഇമേജും വാട്ട്സ്ആപ്പ്ബീറ്റ ഇന്‍ഫോ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റാറ്റസില്‍ ഇമേജുകളും വീഡിയോകളും താല്‍ക്കാലികമായി മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇമേജ്/വീഡിയോ സ്റ്റാറ്റസ് തനിയെ അപ്രത്യക്ഷമാകും.