Asianet News MalayalamAsianet News Malayalam

ഇന്ന് എപ്പോഴാണ് ഗ്രഹണം കാണാൻ കഴിയുക?

  • നൂറ്റാണ്ടിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം
  • ചുവന്ന ചന്ദ്രനെ കാണാൻ എപ്പോഴാണ് നോക്കേണ്ടത്?
when lunar eclipse happen today
Author
Trivandrum, First Published Jul 27, 2018, 6:28 PM IST

നൂറ്റാണ്ടിന്‍റെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്ന്. ഗ്രഹണം കാണാൻ ഒരുങ്ങുകയായിരിക്കും എല്ലാവരും. പക്ഷെ ഗ്രഹണത്തെ സംബന്ധിച്ച വ്യക്തമായ ധാരണ ഉണ്ടായിരുന്നാൽ മാത്രമെ ഈ അപൂർവ ദൃശ്യം കൃത്യമായി കാണാൻ കഴിയുകയുള്ളൂ. ഗ്രഹണത്തിന്‍റെ സമയത്തെ സംബന്ധിച്ചായിരിക്കും എല്ലാവർക്കും സംശയം ഉള്ളത്. ഇന്നത്തെ ഗ്രഹണം ഏറ്റവും ദൈർഘ്യമേറിയതാണെന്ന് ആദ്യമേ തന്നെ പറഞ്ഞു. ഒരു മണിക്കൂർ 42 മിനിറ്റ് 57 സെക്കന്‍റ് നേരമാണ് ഇന്നത്തെ ഗ്രഹണത്തിന്‍റെ സമയമായി നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. പക്ഷെ ഇപ്പറയുന്ന ഒരു മണിക്കൂർ 42 മിനിറ്റ് 57 സെക്കന്‍റ് നേരം പൂർണഗ്രഹണത്തിന്‍റെ സമയമാണ്. അതായത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ചുവന്ന നിറത്തിലുള്ള പൂർണചന്ദ്രനെ കാണാൻ കഴിയുന്നത് ഇത്രയും സമയമാണ്. എന്നാൽ ഇന്നത്തെ ഗ്രഹണം ആകെ ആറു മണിക്കൂറും 13 മിനിറ്റും 48 സെക്കന്‍റും നീണ്ടുനിൽക്കുന്നതാണ്.  

ഇതിനുള്ള കാരണം എന്താണ്?

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി എത്തുന്നതാണ് ഗ്രഹണത്തിന് കാരണമാകുന്നത്. അങ്ങനെയെങ്കിൽ എല്ലാ മാസത്തിലും ഗ്രഹണം ഉണ്ടാകേണ്ടതല്ലേയെന്ന് എല്ലാവർക്കും സംശയം തോന്നാവുന്നതാണ്. പക്ഷെ ഭൂമി സൂര്യനെ ചുറ്റുന്ന പാതയിൽ നിന്നും അൽപ്പം ചരിഞ്ഞ പാതയിലാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്. അതുകൊണ്ട് തന്നെ എല്ലാ മാസവും ഗ്രഹണം ഉണ്ടാകാറില്ല. ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ പ്ലെയിനിൽ വരുന്ന സമയത്താണ് ഗ്രഹണം സംഭവിക്കുന്നത്. ഭൂമിയുടെ നിഴൽ സൂര്യനിൽ നിന്നുള്ള പ്രകാശം ചന്ദ്രനിൽ എത്താതെ മറയ്ക്കുന്നതാണ് ഈ ഗ്രഹണം. എന്നാൽ ഭൂമിയുടെ നിഴലിന് രണ്ട് ഭാഗങ്ങളുണ്ട്. വളരെ ഇരുണ്ട മധ്യഭാഗം അമ്പ്ര എന്നും അത്രത്തോളം ഇരുണ്ടതല്ലാത്ത പുറം ഭാഗം പെനിമ്പ്ര എന്നുമാണ് അറിയപ്പെടുന്നത്.  ഇതിലെ പെനിമ്പ്രയുടെ ഭാഗത്തേക്ക് ചന്ദ്രൻ കടക്കുന്നതോടു കൂടി തന്നെ ഗ്രഹണം തുടങ്ങും. ഇതാണ് പെനിമ്പ്രല്‍ ഗ്രഹണം എന്ന് അറിയപ്പെടുന്നത്. ഈ സമയത്ത് ചന്ദ്രനെ  തിളക്കം നന്നേ കുറഞ്ഞാവും കാണാനാകുക.

ഇന്നത്തെ ഈ പെനിമ്പ്രല്‍ ഗ്രഹണം രാത്രി 10.44ന് തുടങ്ങും. നാളെ രാവിലെ ഏകദേശം അഞ്ച് മണിവരെ ഇത് തുടരുകയും ചെയ്യും. ആറ് മണിക്കൂർ 13 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഗ്രഹണത്തിന് ഇടയിലാണ് എല്ലാവരും കാണാൻ കൊതിക്കുന്ന ചുവന്ന ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യൻ സമയം 12 മണിയോട് അടുത്ത് തന്നെ ചന്ദ്രൻ മധ്യഭാഗത്തെ ഇരുണ്ട നിഴലിലേക്ക് കയറിത്തുടങ്ങും. ഈ സമയം ചന്ദ്രന്‍റെ ചെറുഭാഗം ചുവന്ന് തുടങ്ങും. ഒരു മണിയോടെയാണ് ചന്ദ്രൻ പൂർണമായും ചുവക്കുന്നത്. അത് ഒരു മണിക്കൂർ 42 മിനിറ്റ് 57 സെക്കന്‍റ് നീണ്ട് നിൽക്കും. ഇതാണ് നമ്മൾ കാണാൻ കൊതിക്കുന്ന പൂർണരക്ത ചന്ദ്രൻ. അതിന് ശേഷം പതിയെ ചന്ദ്രൻ ചുവപ്പിൽ നിന്ന് പുറത്തേക്ക് വരും. ചുവപ്പിൽ നിന്ന് പൂർണമായും പുറത്തുവന്നാലും അ‍ഞ്ച് മണിവരെ ചന്ദ്രൻ പെനിമ്പ്രല്‍ ഗ്രഹണത്തിൽ തന്നെയായിരിക്കും .

ചുവന്ന ചന്ദ്രനെ കാണാൻ എപ്പോഴാണ് നോക്കേണ്ടത്?

പൂർണമായും ചുവന്ന് നിൽക്കുന്ന ചന്ദ്രനെ കാണാൻ അർദ്ധരാത്രി ഒരു മണിക്ക് ശേഷമാണ് നോക്കേണ്ടത്. ഒരു മണിക്ക് ശേഷം ഒരു മണിക്കൂർ 42 മിനിറ്റ് 57 സെക്കന്‍റ് നേരം പൂർണമായും ചുവന്ന ചന്ദ്രനെ കാണാം. അതിന് ശേഷം ഭാഗീക ചന്ദ്രഗ്രഹണം ആണ് ഉള്ളത്. പക്ഷെ ഇതിന് നമ്മുടെ ആകാശം കൂടി കനിയേണ്ടതുണ്ട്. ആകാശം മേഘാവൃതമാണെങ്കിൽ നൂറ്റാണ്ടിന്‍റെ വിസ്മയം നമുക്ക് നഷ്ടമാകും.

Follow Us:
Download App:
  • android
  • ios