ജര്‍മനി: പരീക്ഷണ ശാലയിലെ ഒരു കയ്യബദ്ധത്തിന് ജര്‍മനി കൊടുക്കുന്നത് വലിയ വില. കാഴ്ചയില്‍ കൊഞ്ചിനോട് സാദൃശ്യം തോന്നുന്ന ക്രേ ഫിഷ് വിഭാഗത്തില്‍ പെട്ട ഒരു കുഞ്ഞ് ജീവി പരീക്ഷണ ശാലയില്‍ നിന്ന് എങ്ങനെ രക്ഷപെട്ടെന്ന് ഗവേഷകര്‍ക്ക് ഇനിയും അറിയില്ല. കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുമെന്നതാണ് രക്ഷപെട്ട മാര്‍ബിള്‍ ക്രേഫിഷിന്റെ പ്രത്യേകത.  ഈ ജീവിയ്ക്ക് അപകടകരമായ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തനിയെ ക്ലോണ്‍ ചെയ്യാന്‍ സാധിക്കുന്ന ഇനത്തില്‍ പെട്ടവയാണ് ഇത്. ടെക്സസില്‍ നിന്നാണ് ഇതിനെ ജര്‍മനിയില്‍ എത്തിച്ചത്. പ്രത്യേകമായ ജനിത വൈകല്യമാണ് ഇതിന് ലൈംഗിക പ്രത്യുല്‍പാദനത്തിലൂടെയല്ലാതെ ആണ്‍ ക്രേഫിഷിന്റെ സഹായം കൂടാതെ തന്നെ ഇവയ്ക്ക് പ്രത്യുല്‍പാദനം നടത്താന്‍ കഴിയും. ഇത്തരത്തിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്കും ഇതേ പ്രത്യേകത ഉണ്ടാവുകയും ചെയ്യും. 

 

എസെക്ഷ്വൽ റീപ്രൊഡ്ക്‌ഷനിലൂടെ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഒരേയൊരു ക്രേഫിഷും ഈ മാര്‍ബിള്‍ ക്രേഫിഷുകളാണ്. അതവയിൽ പരീക്ഷണം നടത്തി സൃഷ്ടിച്ചതൊന്നുമല്ല. ഒരു നിർണായക ഘട്ടത്തിൽ ജനിതകപരമായ വൈകല്യത്തിലൂടെ സംഭവിച്ചതായിരുന്നു. സാധാരണ സെക്സ് സെല്ലുകൾക്ക് ഒരൊറ്റ ക്രോമസോമേ ഉള്ളൂ. എന്നാൽ തകരാറു സംഭവിച്ച ക്രേഫിഷിലെ സെല്ലിൽ രണ്ടെണ്ണമുണ്ടായിരുന്നു. ഈ സെക്സ് സെൽ സാഹചര്യവശാൽ ഒരു പെൺ ക്രേഫിഷിനു ജന്മം കൊടുക്കാൻ കാരണമായി. ഇവയിലാകട്ടെ മൂന്നു ക്രോമസാം പതിപ്പുകളുണ്ടായിരുന്നു. ഇതാണ് അവയ്ക്ക് വളരാനും മുട്ടയിടാനും ആൺസഹായമില്ലാതെ പ്രത്യുത്പാദനത്തിനുമെല്ലാം സഹായിച്ചത്. 

ഇത്തരത്തിലുള്ള ഒരു പെണ്‍ ക്രേഫിഷിനെ ചില ഗവേഷണങ്ങള്‍ നടത്താനായിയായിരുന്നു ജര്‍മനിയില്‍ എത്തിച്ചത്. അവയില്‍ ഒന്നാണ് പരീക്ഷണശാലയില്‍ നിന്ന് എങ്ങനെയോ ചാടിപ്പോയതും. സമീപകാലത്തായി ക്രേഫിഷുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധന കണ്ടതോടെയാണ് ഗവേഷകര്‍ ഇക്കാര്യം വീണ്ടും ശ്രദ്ധിച്ചത്. എന്നാല്‍ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു. നിലവിലുള്ള പല ജല ആവാസ വ്യവസ്ഥകളെ തകര്‍ത്തു കൊണ്ടാണ് ഇവയിപ്പോള്‍ പടരുന്നത്. ജര്‍മനിയിലെ മുഴുവന്‍ ജലാശയങ്ങളിലും ക്രമാതീതമായ പടര്‍ന്ന ഇവയെ ഇപ്പോള്‍ യൂറോപ്പിലും ജപ്പാനിലും മഡഗാസ്കറിലും വരെ കണ്ടെത്തിയിട്ടുണ്ട്. 

 

ഒരു ചെറിയ ജീവി പടരുന്നതില്‍ ഇത്ര ഭയപ്പെടാന്‍ എന്താണെന്നല്ലേ? കണ്ണിൽക്കണ്ടതെല്ലാം തിന്നുതീർക്കുന്ന കൂട്ടത്തിലാണ് ഈ ജീവി. ഇലയും പുല്ലും ഒച്ചും ഷഡ്പദങ്ങളും ചെറുമീനുകളുമെല്ലാം ഇവ ഭക്ഷണമാക്കും. ഇവയുടെ വരവോടെ തദ്ദേശീയരായ ക്രേഫിഷുകളും വംശനാശ ഭീഷണിയാണ് നേരിടുന്നത്. ഇത്തരത്തില്‍ വ്യാപകമായ രീതിയില്‍ മുട്ടയിട്ട് വംശവര്‍ദ്ദന നടത്തിയ മാര്‍ബിള്‍ ക്രേഫിഷുകള്‍ പെണ്‍ മാര്‍ബിള്‍ ക്രേഫിഷുകള്‍ക്ക് മാത്രമാണ് ജന്മം നല്‍കുന്നതെന്നതും ഇവയുടെ പ്രത്യുത്പാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഘടകമാണ്. 

മുട്ട വിരിഞ്ഞിറങ്ങുന്ന എല്ലാം തന്നെ അമ്മയുടെ ക്ലോൺ ആയിരിക്കും. അവയ്ക്കും പ്രത്യുത്പാദനത്തിന് ആണിന്റെ സഹായം ആവശ്യമില്ലെന്നു ചുരുക്കം. 15 വർഷമെടുത്താണ് ഗവേഷകർ ഈ ജീവികളുടെ ജീനോം സീക്വൻസ് തയാറാക്കിയത്. ഇനിയും ഒരുലക്ഷത്തിലേറെ വർഷത്തോളം ക്രേഫിഷുകൾ ഭൂമിയിൽ സുഖമായി ജീവിക്കുമെന്നാണവർ പറയുന്നത്. ഇവയെ എങ്ങനെ പ്രതിരോധിക്കുമെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ഗവേഷകർ.