സൗജന്യ ഉപയോക്താക്കളെ ഞെട്ടിച്ച് ഗൂഗിളും ഓപ്പണ്‍എഐയും! ജനപ്രിയ എഐ ടൂളുകളായ നാനോ ബനാന പ്രോയ്‌ക്കും സോറയ്‌ക്കും ഉപയോഗത്തിന് ലിമിറ്റ്. എഐ കമ്പനികളുടെ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ കാരണമെന്ത്?

കാലിഫോര്‍ണിയ: ഗൂഗിളിന്‍റെ എഐ ടൂളുകൾ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നാനോ ബനാന പ്രോ ഉപയോഗിച്ച് ആളുകൾ പുതിയ ഫോട്ടോകൾ സൃഷ്‌ടിക്കുന്നു. അതുപോലെ ഓപ്പൺഎഐയുടെ സോറ എഐ മോഡൽ ഉപയോഗിച്ചുള്ള വീഡിയോ ജനറേഷനും ജനപ്രിയമാണ്. എന്നാൽ ഇപ്പോൾ സൗജന്യമായി ഈ ടൂളുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഒരു ഷോക്ക് നൽകിയിരിക്കുകയാണ് ഗൂഗിളും ഓപ്പൺഎഐയും. 'നാനോ ബനാന പ്രോ', 'ജെമിനി 3 പ്രോ' എന്നിവയുടെ സൗജന്യ ഉപയോക്താക്കൾക്ക് ഗൂഗിളും ‘സോറ’ എഐ ഉപയോക്താക്കൾക്ക് ഓപ്പൺഎഐയും ഉപയോഗത്തിന് പരിധി ഏർപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എന്തിനാണ് എഐ കമ്പനികള്‍ പരിധി ഏർപ്പെടുത്തിയത്?

അമിതമായ ഡിമാൻഡും കമ്പ്യൂട്ടിംഗ് ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് ഉപയോഗ പരിധികൾ ഏർപ്പെടുത്തുന്നതിന് എഐ കമ്പനികള്‍ക്ക് അടിയന്തര നീക്കം എന്നാണ് റിപ്പോർട്ടുകൾ. ഇനി മുതൽ ആളുകൾക്ക് നിശ്ചിത പരിധിക്കുള്ളിൽ മാത്രമേ ഫോട്ടോകളും വീഡിയോകളുമൊക്കെ ഈ എഐ ടൂളുകള്‍ വഴി സൃഷ്‌ടിക്കാൻ സാധിക്കൂ. ഗൂഗിളിന്‍റെ നാനോ ബനാന പ്രോയുടെ സൗജന്യ ഉപയോക്താക്കൾക്ക് ഇനി ഒരു ദിവസം രണ്ട് ഫോട്ടോകൾ മാത്രമേ സൃഷ്‍ടിക്കാൻ സാധിക്കുകയുള്ളൂ. മുമ്പ് ഈ പരിധി പ്രതിദിനം മൂന്ന് ഫോട്ടോകളായിരുന്നു. അതുപോലെ, ജെമിനി 3 പ്രോ ലാര്‍ജ് ലാംഗ്വേജ് മോഡലിന്‍റെ സൗജന്യ ഉപയോഗവും പരിമിതപ്പെടുത്തുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഒരു ഗൂഗിള്‍ എഐ പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. 

ഭീമമായ കമ്പ്യൂട്ടേഷന്‍ ആവശ്യങ്ങള്‍ എഐ കമ്പനികള്‍ക്ക് പരിമിതി

അതേസമയം ഓപ്പൺഎഐയുടെ സോറ എഐ മോഡൽ ഉപയോഗിച്ചുള്ള വീഡിയോ ജനറേഷനിൽ നിയന്ത്രണങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും. പ്ലാറ്റ്‌ഫോമിന്‍റെ ഭീമമായ കമ്പ്യൂട്ടേഷണൽ ആവശ്യകതകൾ ചൂണ്ടിക്കാട്ടി, ഓപ്പൺഎഐയിൽ സോറയുടെ തലവനായ ബിൽ പീബിൾസ് വീഡിയോ ഉപയോഗത്തിൽ കർശനമായ വെട്ടിക്കുറവ് പ്രഖ്യാപിച്ചു. സൗജന്യ ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രതിദിനം ആറ് വീഡിയോ ജനറേഷനുകളായി പരിമിതപ്പെടുത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഒരു ഉപയോക്താവിന് എഐ സൃഷ്‌‌ടിച്ച ഒരു ഫോട്ടോ ലഭിക്കുമ്പോഴോ ഒരു ചോദ്യം ചോദിക്കുമ്പോഴോ എഐ ഉപകരണങ്ങളുടെ ജിപിയുവിൽ ലോഡ് ഉണ്ടാക്കും. ലോഡ് കൂടുതലായിരിക്കുമ്പോൾ, ചോദ്യത്തിന് ഉത്തരം നൽകാനും ഫോട്ടോ സൃഷ്‌ടിക്കാനും സമയമെടുക്കും. ഇത് ഒഴിവാക്കാനാണ് സൗജന്യ ഉപയോഗിത്തിന് പരിധി ഏർപ്പെടുത്താനുള്ള ടെക് ഭീമന്മാരുടെ നീക്കം എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്