ദില്ലി: റിലയന്‍സ് ജിയോയുമായി ഏറ്റുമുട്ടാന്‍ ഉറച്ച് നില്‍ക്കുകയാണ് ബിഎസ്എന്‍എല്‍. താരിഫ് കുറച്ചു കൊണ്ടുള്ള റിലയന്‍സ് ജിയോ രീതിക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് താരിഫ് നിരക്കില്‍ പോരാട്ട നിലപാടെടുത്ത് കഴിഞ്ഞു. 

എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ക്കും റിലയന്‍സ് ജിയോ കടുത്ത വെല്ലുവിളിയാണെന്ന് സമ്മതിച്ച ബിഎസ്എന്‍എല്‍ ഓഫറുകളുടെ കാര്യത്തില്‍ ജിയോക്കൊപ്പം കിടപിടിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. റിലയന്‍സ് ജിയോ തരംഗത്തില്‍ മറ്റ് നെറ്റ്‌വര്‍ക്കുകള്‍ മങ്ങിയപ്പോള്‍ 1 രൂപയ്ക്ക് 1ജിബി നെറ്റ് എന്ന നിരക്കില്‍ അണ്‍ലിമിറ്റഡ് വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍ മത്സരത്തിന് ഒരുങ്ങിയത്. 

കൂടുതല്‍ നെറ്റ് ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഉദ്ദേശിച്ചായിരിക്കും ഓഫര്‍ ലഭ്യമാകുകയെന്നും ബിഎസ്എന്‍എല്‍ പ്രൊമോഷണല്‍ പ്ലാനില്‍ പറയുന്നു. റിലയന്‍സ് ജിയോ 4ജി പ്ലാനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ബിഎസ്എന്‍എല്‍ വെളിപ്പെടുത്തല്‍ ഉപഭോക്താക്കളെ സ്വാധീനിക്കുകയും ചെയ്തു. 

ഇതോടെ താരിഫിലും ജിയോക്കൊപ്പം എത്താന്‍ ബിഎസ്എന്‍എല്‍ തീരുമാനമെടുത്തതായി എംഡി ശ്രീവാസ്തവ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ജിയോക്കൊപ്പം കിടപിടിക്കാന്‍ ബിഎസ്എന്‍എലിന് ആകുമെന്നും എംഡി ഉറപ്പ് നല്‍കുന്നു.

പുതിയ മൊബൈല്‍ പ്ലാനുകള്‍ ഉടന്‍ തന്നെ ബിഎസ്എന്‍എല്‍ പ്രഖ്യാപിക്കും. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ഓഫറുകളുടെ നല്ലകാലം ആയിരിക്കും