കൊവിഡ് കാലം കഴിഞ്ഞാലുടൻ വൈൻ പാർലറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊവിഡിൽ കേരളത്തിലെ ഐടി പാർക്കുകൾ പലതും അടച്ചുപൂട്ടി കമ്പനികൾ വർക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തിൽ തുടർനടപടികൾ നിലച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധി തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവർക്ക് വിശ്രമസമയങ്ങളും ഇടവേളകളും ചെലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ. 

YouTube video player

നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിന്‍റെ ഗസ്റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ടെന്നത് മാത്രമാണ് ഇടവേളകൾ ചെലവഴിക്കാനുള്ള ഒരേയൊരുപാധി. ''യുവതയാണല്ലോ വിവിധ ഐടി പാർക്കുകളിൽ പ്രധാനമായും ജോലി ചെയ്യുന്നത്. അവർ മറ്റ് സംസ്ഥാനങ്ങളിലെ ഐടി പാർക്കുകളിൽ ലഭ്യമായ സൗകര്യങ്ങൾ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് പോരായ്മയാണ്. കമ്പനികൾ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് ജോലി ചെയ്യുന്നവർക്ക് പോകാൻ സൗകര്യം ചെയ്ത് കൊടുക്കുന്നത് മാത്രമേയുള്ളൂ. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ല എന്നാണ് പറയുന്നത്. കൊവിഡ് മൂലമാണ് തുടർനടപടികൾ ഇല്ലാതിരുന്നത്. അതിനി ഉണ്ടാകും. കൂടുതൽ നടപടികൾ ആലോചിക്കാം.'', മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് ഐടി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിലായിരുന്നു ചോദ്യോത്തരവേളയിലെ പ്രധാന ഊന്നൽ. അതിലാണ് ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. നേരത്തേ നിസ്സാൻ കമ്പനി കേരളത്തിലെത്തിയപ്പോൾ അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട് ചില നിലപാടുകൾ വ്യക്തമാക്കിയിരുന്നു. കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ അടക്കം വേണമെന്നായിരുന്നു ആവശ്യം. നിസ്സാൻ കമ്പനിയും വിനോദോപാധികൾ കേരളത്തിലെ ഐടി പാർക്കുകളിലില്ല എന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് നാസ്കോം നടത്തിയ പഠനത്തിലും വിനോദോപാധികളുടെ കുറവ് പരിഹരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഒന്നാം പിണറായി സർക്കാർ ഇത്തരത്തിൽ പബ്ബുകളടക്കം സ്ഥാപിക്കുന്ന കാര്യം ആലോചിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്. കൊവിഡ് പ്രതിസന്ധി ഇതിനിടെ വന്നത് മൂലം ആ നീക്കം വഴിമുട്ടി. നിലവിൽ ഐടി പാർക്കുകൾ പലതും തുറന്ന് വരുന്ന സ്ഥിതിയിൽ, വീണ്ടും ഇത്തരം നീക്കങ്ങൾ സജീവമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 

ഇതോടൊപ്പം സംസ്ഥാനത്തെ ഓരോ ഐടി പാർക്കുകൾക്കും ഓരോ സിഇഒമാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ മൂന്ന് ഐടി പാർക്കിനും കൂടി ഒരു സിഇഒ ആണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിനും കൊച്ചി ഇൻഫോ പാർക്കിനും കോഴിക്കോട് സൈബർ പാർക്കിനും ഓരോ സിഇഒ ഇനി മുതൽ ഉണ്ടാകും. 

YouTube video player

പ്രതികരണങ്ങളെന്ത്?

ഇക്കാര്യത്തിൽ നേരത്തേ പല വിവാദങ്ങളും ഉയർന്നിരുന്നതാണ്. വി എം സുധീരൻ അടക്കമുള്ള നേതാക്കൾ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ടൂറിസ്റ്റുകൾ വരാൻ അടക്കം മദ്യവ്യാപനം വേണമെന്നത് മുട്ടുന്യായങ്ങളാണ് എന്ന് വി എം സുധീരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തെങ്കിലും പേര് പറഞ്ഞ് ഇവിടെ ഇടത് സർക്കാർ മദ്യവ്യാപനം നടപ്പാക്കുകയാണ് എന്നും സുധീരൻ ആരോപിക്കുന്നു. 

YouTube video player

അതേസമയം, ഐടി മേഖലയിൽ വിനോദോപാധികൾ കൊണ്ടുവരുന്ന നടപടികളെല്ലാം സ്വാഗതം ചെയ്യുന്നതായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി പ്രതിനിധി വിനീത് ചന്ദ്രൻ പ്രതികരിച്ചു. വിദേശകമ്പനികൾ അടക്കം ഇവിടെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ് ഐടി പാർക്കുകളിൽ ഉള്ളവരും. ഇടയ്ക്കെങ്കിലും വിനോദോപാധി എന്ന നിലയിൽ മദ്യപിക്കുകയോ പബ്ബുകളിൽ സമയം ചെലവഴിക്കുകയോ ചെയ്യുന്നവർ ഐടി പാർക്കുകളിലുമുണ്ട്. അവിടെ അത്തരം അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും വിനീത് ചന്ദ്രൻ വ്യക്തമാക്കുന്നു.