ഒരു കാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന ഭീമന്‍ മൃഗങ്ങളായിരുന്നു മാമത്തുകള്‍ ഇപ്പോള്‍ ഭൂമുഖത്തുള്ള ആനകളുടെ പൂര്‍വ്വീകരായ മാമത്തുകള്‍ക്ക് കാലന്തരത്തില്‍ വംശനാശം നേരിട്ടു

മോസ്കോ: ഒരു കാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന ഭീമന്‍ മൃഗങ്ങളായിരുന്നു മാമത്തുകള്‍. ഇപ്പോള്‍ ഭൂമുഖത്തുള്ള ആനകളുടെ പൂര്‍വ്വീകരായ മാമത്തുകള്‍ക്ക് കാലന്തരത്തില്‍ വംശനാശം നേരിട്ടു. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തമല്ല. എന്നാല്‍ ഇപ്പോള്‍ ഇതാ മാമത്തുകളെ വീണ്ടും ഭൂമുഖത്ത് എത്തിക്കാനുള്ള ഗവേഷണമാണ് നടക്കുന്നത്. മാമത്തുകളെ ക്ലോണ്‍ ചെയ്യാനുള്ള ശ്രമം വിജയിച്ചാല്‍ രണ്ട് കൊല്ലത്തിനുള്ളില്‍ ഭൂമിയില്‍ വീണ്ടും നടക്കാന്‍ തുടങ്ങും.

ലക്ഷക്കണക്കിനു രൂപ ചെലവു വരുന്ന ഈ പരീക്ഷണത്തിന് പീറ്റർ തീൽ എന്ന കോടീശ്വരനാണു സ്പോണ്‍സര്‍. സൈബീരിയയില്‍ നിന്നും മഞ്ഞില്‍ പൊതിഞ്ഞ് ശരീരത്തിന് കേടുപാടുകള്‍ ഒന്നുമില്ലാത്ത 42,000 വർഷം പഴക്കമുള്ള മാമത്തിന്‍റെ ശരീരം ലഭിച്ചിരുന്നു. ഇതില്‍ നിന്നും ലഭിച്ച ഡിഎൻഎ ഉപയോഗപ്പെടുത്തി ക്ലോണിങ് നടത്തി പുതിയൊരു മാമത്തിനു ജന്മം കൊടുക്കാനാണു ഹാവർഡ് സർവകലാശാലയിലെ ഗവേഷകരുടെ നീക്കം. പരീക്ഷണം വിജയിച്ചാല്‍ ജനിക്കുന്ന മാമത്ത് കുഞ്ഞുങ്ങൾക്കു വേണ്ടി സൈബീരിയയിൽ വമ്പൻ സഫാരി പാർക്കും ഒരുക്കും.

20,000 ഹെക്ടർ വരുന്ന പ്രദേശത്താണ് റഷ്യന്‍ സര്‍ക്കാര്‍ സഹായത്തോടെ സഫാരി പാർക്ക് ഒരുക്കുക. സന്ദർശകർക്കു പോലും അവിടേക്ക് വിലക്കുണ്ടാകും. ആർട്ടിക്കിനു സമാനമായ കാലാവസ്ഥ അവിടെ കൃത്രിമമായി സൃഷ്ടിക്കാനാണു തീരുമാനം. അങ്ങനെ സ്വാഭാവികമായ ചെടികളും മരങ്ങളുമെല്ലാമായി മാമത്തുകൾക്കു വേണ്ടി മാത്രമായി ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കാനും ശ്രമം ആരംഭിച്ചെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

എങ്ങനെയാണ് ക്ലോണിംഗ് നടത്തുന്നു എന്ന വിശദാശംങ്ങളും പുറത്തായിട്ടുണ്ട്, ഇത് പ്രകാരം ഇന്നേവരെ ഉപയോഗിക്കാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കുഞ്ഞുമാമത്തിന് ജന്മം നല്‍കുക. 42,000 വർഷം മുൻപു ജീവിച്ചിരുന്ന മാമത്തിന്റെ ഡിഎൻഎ എടുത്ത് ഇന്നത്തെ കാലത്തെ അനുയോജ്യമായ ഒരു ഏഷ്യൻ ആനയുടെ ഡിഎൻഎയിൽ ചേർക്കും. ആനയുടെ ഗർഭപാത്രത്തിൽ കുഞ്ഞുമാമത്തിനെ ജനിപ്പിക്കാനല്ല ഗവേഷകരുടെ ശ്രമം. പകരം ഒരു കൃത്രിമ ഗർഭപാത്രം ഗവേഷകർ തന്നെ ലാബിൽ നിർമിക്കും.