ബിയജിംഗ്: ലോകത്തിലെ ആദ്യത്തെ ഓള്‍ സ്ക്രീന്‍ ഫോണ്‍ ജൂണ്‍ 5ന് ലെനോവ അവതരിപ്പിക്കുന്നു. ലെനോവ Z5 എന്ന പേരില്‍ ഇറങ്ങുന്ന ഫോണ്‍ ബീയജിംഗിലാണ് പുറത്തിറക്കുക. ലെനോവയുടെ ഏറ്റവും പുതിയ 18 പേറ്റന്‍റുകളുടെ സംയോജനമാണ് ഈ ഫോണ്‍ എന്നാണ് ലെനോവ അവകാശപ്പെടുന്നത്. 

ഇതിന് ഒപ്പം തന്നെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത ക്യാമറ സെറ്റപ്പ് ഫോണിനുണ്ട്. ഒപ്പം ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്‍റ്  സെന്‍സറും ഫോണിനുണ്ടാകും. ഇത് മെയ് 29ന് ഇറങ്ങുന്ന വിവോയുടെ X21ന് സമം ആണെന്ന് വിലയിരുത്താം. നോച്ച് ഇല്ലാത്ത 95 ശതമാനം സ്ക്രീന്‍ സ്പൈസും ഉള്‍കൊള്ളുന്ന ഡിസ്പ്ലേ ആയിരിക്കും ഫോണിനുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. 

ക്യൂവല്‍കോം 845 പ്രോസ്സസര്‍ ആയിരിക്കും ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുക. വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനത്തോടെ എത്തുന്ന ഫോണിന്‍റെ ബാറ്ററി സ്റ്റാന്‍റ് ബൈ ടൈം 45 ദിവസമാണെന്നാണ് ലെനോവ നല്‍കുന്ന സൂചന. 4ടിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന ശേഖരണ ശേഷിയായിരിക്കും ഫോണിനുണ്ടാകുക.