പുതിയ 360 ശാഖ കൂടി ഉടന്‍ തുടങ്ങാന്‍ സിസിബിക്ക് പദ്ധതിയുണ്ട് ഫോസ് ഡിറ്റക്ഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകളുടെ സമ്മേളനമാണ് ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്

ഷാങ്ഹായി: ബാങ്കിലെത്തിയാല്‍ സേവനങ്ങള്‍ക്കായി കാത്തുനിന്ന് കാല് കഴയ്ക്കുന്ന കാലമൊക്കെ കഴിഞ്ഞു. നിങ്ങള്‍ ബാങ്കിലെത്തിയാല്‍ നിങ്ങളുടെ മുഖം തിരിച്ചറിഞ്ഞ് സേവനം നല്‍കുന്ന ശാഖയുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്ല അങ്ങ് ചൈനയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

ഈ ബാങ്ക് ശാഖയുടെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ നിങ്ങള്‍ക്ക് ഒരു ജീവനക്കാരനെ പോലും കാണാന്‍ കഴിയില്ലയെന്നതാണ്. ചൈനയിലെ ഷാങ്ഹായിലുളള ജിയുജിയാങ് റോഡില്‍ ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക് (സിസിബി) തുടങ്ങിയ ശാഖയിലാണ് ഒട്ടോറെ അത്ഭുത കാഴ്ച്ചകള്‍ നിങ്ങളെ കാത്തിരിക്കുന്നത്. 

165 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുളള ബാങ്ക് ശാഖയില്‍ മാനേജറോ, ക്യാഷ്യറോ, സെക്യൂരിറ്റി ജീവനക്കാരോ ഇല്ല. വ്യക്തിയെ തിരിച്ചറിയാനുപയോഗിക്കുന്ന ഫോസ് ഡിറ്റക്ഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകളുടെ സമ്മേളനമാണ് ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാവും കസ്റ്റമേഴ്സിനെ സേവിക്കുക.

ഇത്തരത്തിലുളള പുതിയ 360 ശാഖ കൂടി ഉടന്‍ തുടങ്ങാന്‍ സിസിബിക്ക് പദ്ധതിയുണ്ട്. ഇനിയുളള കാലത്ത് ബാങ്കിങ് സാങ്കേതിക വിദ്യ എങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് സിസിബിയുടെ ഈ നീക്കം. ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ പേയ്മെന്‍റ് നടക്കുന്ന രാജ്യവും ചൈനയാണ്.