Asianet News MalayalamAsianet News Malayalam

ആപ്പിള്‍ എന്തൊക്കെ അവതരിപ്പിക്കും? സ്വന്തം എഐയില്‍ ഐഒഎസ് 18 ഉറപ്പായി; ലഭ്യമാവുക ഈ ഐഫോണുകളില്‍

ടെക് പ്രേമികള്‍ക്കിടയില്‍ വളരെ ആകാംക്ഷ നിറഞ്ഞുനില്‍ക്കുന്ന ഇവന്‍റാണ് ഡബ്ല്യൂഡബ്ല്യൂഡിസി 2024

WWDC 2024 AI strengthened iOS 18 will get this selected iPhones
Author
First Published Jun 10, 2024, 10:46 AM IST

കാലിഫോർണിയ: ആപ്പിള്‍ ഐഒഎസ് 18 ഉടന്‍ അവതരിപ്പിക്കും. കാലിഫോര്‍ണിയയില്‍ ഇന്ന് ആരംഭിക്കുന്ന വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് (WWDC 2024) ഐഒഎസ് 18 ആപ്പിള്‍ കമ്പനി പുറത്തിറക്കുക. ആപ്പിളിന്‍റെ സ്വന്തം എഐ മികവോടെയായിരിക്കും ഐഒഎസ് 18 വരിക എന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനത്തിന് 'ആപ്പിള്‍ ഇന്‍റലിജന്‍സ്' എന്ന് പേരിടാന്‍ സാധ്യതയുള്ളതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്‌തു. വളരെ ആകാംക്ഷ നിറഞ്ഞുനില്‍ക്കുന്ന ഇവന്‍റാണ് ഡബ്ല്യൂഡബ്ല്യൂഡിസി 2024. 

വരാനിരിക്കുന്ന ഐഫോണുകള്‍ക്ക് ഐഒഎസ് 18 പ്ലാറ്റ്ഫോമായിരിക്കും കരുത്ത് പകരുക. കൂടുതല്‍ വേഗത്തിലുള്ള പ്രൊസസിംഗും പ്രൈവസിയും ഇത് ഉറപ്പുവരുത്തും എന്ന് കരുതുന്നു. എന്തൊക്കെ എഐ സൗകര്യങ്ങളായിരിക്കും ഐഒഎസ് 18 വാഗ്ദാനം ചെയ്യുക എന്ന് വ്യക്തമല്ല. ഐഫോണ്‍ 15 പ്രോ മോഡലുകളിലും വരാനിരിക്കുന്ന ഐഫോണ്‍ 16 മോഡലുകളിലും ആപ്പിളിന്‍റെ എഐ ഫീച്ചറുകളുണ്ടാകും എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ എഐ സംവിധാനങ്ങള്‍ പഴയ മോഡല്‍ ഐഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യില്ല. അതേസമയം ഐപാഡുകള്‍ക്കും മാക്കുകള്‍ക്കും കുറഞ്ഞത് എം1 ചിപ്പ് എങ്കിലുമുണ്ടെങ്കിലെ എഐ ഫീച്ചറുകള്‍ ഉപയോഗിക്കാനാകൂ. 

വെബ് പേജുകളെയും ലേഖനങ്ങളെയും ചുരുക്കിയെഴുതാന്‍ ഉപകരിക്കുന്ന ടൂളുകളും മീറ്റിംഗ് നോട്ടുകളും മെസേജുകളും ഇമെയിലുകളും അനായാസം തയ്യാറാക്കാനുള്ള ടൂളുകളും ആപ്പിള്‍ എഐയില്‍ പ്രതീക്ഷിക്കുന്നു. ഇമെയിലുകള്‍ക്കും മെസേജുകള്‍ക്കും വിശദമായി ഓട്ടോമാറ്റിക് റിപ്ലൈ നല്‍കാനുള്ള സംവിധാനങ്ങളും ആപ്പിള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നതാണ് വിവരം. ഇതടക്കം അനേകം ഫീച്ചറുകള്‍ പുതിയ ഐഒഎസ് 18 പ്ലാറ്റ്ഫോമിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഒഎസ് 18ന് പുറമെ മറ്റ് എന്തൊക്കെയാവും വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ആപ്പിള്‍ അവതരിപ്പിക്കുക എന്ന ആകാംക്ഷ ടെക് ലോകത്ത് സജീവമാണ്. 

Read more: വെള്ളത്തില്‍ മുങ്ങിക്കിടന്നാലും സേഫ്; ഗ്യാലക്‌സി എസ് 24നും ഐഫോണ്‍ 15നും ഇല്ലാത്തത് ഒപ്പോയുടെ ഈ മോഡലില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios