ദില്ലി: ചൈനീസ്‌ മൊബൈല്‍ നിര്‍മാതാക്കളായ ഷാവോമി 'മി എക്‌സേഞ്ച്' ഓഫര്‍ രാജ്യത്ത്‌ അവതരിപ്പിച്ചു. പഴയ മൊബൈല്‍ ഫോണ്‍ മാറ്റി പുതിയ മൊബൈല്‍ എടുക്കാനുള്ള അവസരമാണ്‌ ഷാവോമി ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്‌. ക്യാഷിഫൈയുമായി സഹകരിച്ചാണ്‌ പദ്ധതി കമ്പനി അവതരിപ്പിച്ചത്‌.

മി എക്‌സേഞ്ച് ഓഫര്‍ ഉപയോഗപ്പെടുത്തുന്നതിന്‌ ഉപയോക്‌താക്കള്‍ കമ്പനിയുടെ ഏതെങ്കിലും സ്‌റ്റോറുകള്‍ സന്ദര്‍ശിക്കണം. ഈ വേളയില്‍ ക്യാഷിഫൈ ഉപയോക്‌താവിന്റെ ഫോണ്‍ പരിശോധിച്ചതിനു ശേഷമാകും വില നിശ്‌ചയിക്കുക. ഈ തുക ഉപയോക്താവിന്‌ ഷവോമി റെഡ്‌മീ മോഡലോ എംഐ മോഡലോ വാങ്ങുന്നതിനു ഉപയോഗിക്കാം.

എക്‌സ്‌ചേഞ്ച്‌ പ്രോഗാം ഉപയോഗിക്കുന്നതിന്‌ ചില നിബന്ധനകളുമുണ്ട്‌. ഒന്നാമത്‌ എക്‌സ്‌ചേഞ്ച്‌ ചെയ്യേണ്ട ഫോണ്‍ ക്യാഷിഫൈയുടെ അംഗീകൃത ലിസ്‌റ്റില്‍ ഉള്ളതാകണം. ഒരു ഫോണ്‍ മാത്രമേ ഒറ്റ സമയത്ത്‌ ഓഫറിന്‌ ഉപയോഗിക്കാനാകു. വിലപേശലുകളും ഉണ്ടായിരിക്കില്ല. 

വില നിശ്‌ചയിച്ചു കഴിഞ്ഞാല്‍ ക്യാഷിഫൈ തുകയ്‌ക്കു സമാനമായ രസീറ്റ് നല്‍കും. എക്‌സ്‌ചേഞ്ച്‌ ഓഫറില്‍ കമ്പനിക്ക്‌ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന്‌ കമ്പനി വ്യക്‌തമാക്കി. ക്യാഷിഫൈയ്‌ക്കാകും ഉത്തരവാദിത്വം.