ഫ്ലോറിഡ: എട്ടു വയസ്സുകാരിയുടെ ഹൃദയം മിടിക്കുന്നത് പുറത്താണ്. നെഞ്ചില്‍ ഒരു കുഴിയായി രൂപപ്പെട്ട ഭാഗത്ത് അവളുടെ ഹൃദയം ഭദ്രമാണ്. ആ മിടിപ്പുകള്‍ ലൈവായി പുറത്ത് കാണാം. ഫ്‌ളോറിഡയില്‍ ജീവിക്കുന്ന എട്ടു വയസുകാരി വിര്‍സാവിയ ആണ് അപൂര്‍വ ശാരീരിക പ്രത്യേകതകളുമായി ജീവിക്കുന്നത്. പ്രത്യേക സാഹചര്യത്തിലൂടെ നെഞ്ചിനു പുറത്തേക്ക് ഹൃദയം എത്തി പുറത്ത് മിടിക്കുന്ന അവസ്ഥയാണ് ഈ എട്ടു വയസുകാരിക്ക്. 

5.5 മില്യണ്‍ ആളുകളില്‍ ഒരാള്‍ക്ക് സംഭവിക്കാവുന്ന ജീവനു തന്നെ ഭീഷണിയാകുന്ന അവസ്ഥയാണ് ഇത്. പെന്റളോജി കാന്‍ട്രല്‍ എന്ന അവസ്ഥയാണെന്ന് വൈദ്യലോകം വ്യക്തമാക്കുന്നു. റഷ്യന്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം ആശുപത്രികളില്‍ കയറിയിറങ്ങി അവസാനം ഫ്‌ളോറിഡയില്‍ എത്തപ്പെടുകയായിരുന്നു. അമ്മയോടൊപ്പമാണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ വെപ്പിച്ച് പെണ്‍കുട്ടിയും ഫ്‌ളോറിഡയില്‍ എത്തിയത്. 

കയറിയിറങ്ങിയ ആശുപത്രികള്‍ എല്ലാം പെണ്‍കുട്ടിയെ കൈയൊഴിഞ്ഞു. കുട്ടിയുടെ ജീവന്‍ അപായപ്പെടാനുള്ള എല്ലാ സാധ്യതയും ഉള്ളതിനാല്‍ സര്‍ജറി ചെയ്യാനോ, ചികിത്സകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയാറാകുന്നില്ല. അതേസമയം പ്രതീക്ഷ കൈവിടാതെ തന്റെ മകളുടെ അവസ്ഥ നേരെയാകും എന്ന പ്രതീക്ഷയില്‍ എട്ടുവയസുകാരിയുടെ അമ്മ മുന്നോട്ടു നീങ്ങുകയാണ്.