സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഇപ്പോള്‍ പരമാവധി ഫിംഗർ പ്രിന്‍റ് സെക്യൂരിറ്റിയാണ് നൽകിവരുന്നത്. ഉടമയുടെ കൈവിരൽ പതിയാതെ ഉപകരണം തുറന്നുപ്രവർത്തിക്കാനാവാത്ത സംവിധാനമാണിത്. സെക്യൂരിറ്റി രംഗത്തെ ഗവേഷകർക്ക് അവിടെയും ഇവസാനിപ്പിക്കുന്നില്ലെന്നാണ് പുതിയ വാർത്തകൾ. ഹൃദയം തന്നെ ഇനി രഹസ്യങ്ങളുടെയും താക്കോൽ സൂക്ഷിക്കുമെന്നാണ് ഗവേഷകർ ഇപ്പോൾ പറയുന്നത്. ഇതിനായുള്ള അത്യാധുനിക സംവിധാനവും വികസിപ്പിച്ചു കഴിഞ്ഞു. ഹൃദയം സ്കാൻ ചെയ്യുന്നതോടെ പ്രവർത്തന സജ്ജമാകുന്ന കമ്പ്യൂട്ടർ സെക്യൂരിറ്റി സംവിധാനമാണ് ഇനി വരാനിരിക്കുന്നത്
കൈവിരൽ പോലെ തന്നെ എല്ലാവരുടെയും ഹൃദയത്തിന്‍റെ വലിപ്പവും മറ്റും വ്യത്യസ്ഥമായിരിക്കും. തീവ്രത കുറഞ്ഞ തരംഗങ്ങള്‍ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡോപ്ലർ റഡാർ ഉപയോഗിച്ച് ഹൃദയത്തിന്‍റെ വലിപ്പം അളക്കുന്നതാണ് പുതിയ സംവിധാനം. ഇത് കമ്പ്യൂട്ടറിന് ഒരു തവണ ലഭിച്ചുകഴിഞ്ഞാൽ പിന്നീട് നിങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കും. ആള്‍ മാറി മറ്റൊരാള്‍ കംപ്യൂട്ടറിന് മുന്നില്‍ വന്നിരുന്നാല്‍ ഉടന്‍ തിരിച്ചറിയുകയും ചെയ്യും. അമേരിക്കയിലെ ബഫലോ സർവകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു സംവിധാനം വികസിപ്പിച്ചത്.
പാസ്വേഡ് സെക്യൂരിറ്റിയെക്കാളും മറ്റ് ബയോമെട്രിക് സംവിധാനങ്ങളെക്കാളും കൂടുതൽ സുരക്ഷിതമാണ് ഹൃദയം കൊണ്ടുള്ള സെക്യൂരിറ്റി സംവിധാനം എന്നാണ് ഗവേഷകർ പറയുന്നത്. ഇൗ സംവിധാനം ഭാവിയിൽ സ്മാർട്ഫോണുകളിലും എയർപോർട്ടുകളിലെ സ്ക്രീനിങ് സംവിധാനങ്ങളിലും ഉപയോഗിക്കാനാകുമെന്നും ഇവർ പറയുന്നു. എല്ലാവരും സ്വകാര്യത ആഗ്രഹിക്കുന്നതിനാൽ എല്ലാതരം കമ്പ്യൂട്ടറുകളിലും ഇൗ സെക്യൂരിറ്റി സംവിധാനം കൊണ്ടുവരണം എന്ന് തങ്ങൾ ആഗ്രഹിക്കുന്നതായി ബഫലോ സർവകലാശാലയിലെ അസി. പ്രൊഫസർ വിനായോ സു പറയുന്നു.
ഡോപ്ലർ റഡാർ സംവിധാനത്തിൽ നിന്നുള്ള സിഗ്നലിന്റെ ശക്തി വൈഫൈ സിഗ്നലിനെക്കാൾ കുറവായതിനാൽ ഇത് കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. വൈഫൈ സംവിധാനത്തെ പോലെ ഇതും സുരക്ഷിതമാണ്. ഹൃദയം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന റീഡർ അഞ്ച് മില്ലിവാട്ടിൽ പ്രവര്‍ത്തിക്കുന്നതാണ് ആണുള്ളത്. ഇതാകട്ടെ നമ്മുടെ സ്മാർട് ഫോൺ പുറത്തുവിടുന്ന റേഡിയേഷന്റെ ഒരു ശതമാനം പോലും വരില്ല
ആദ്യ തവണ ഹൃദയം സ്കാൻ ചെയ്യാന്‍ എട്ട് സെക്കന്റോളം സമയമെടുക്കും. പിന്നീട് നിരന്തരമായി പരിശോധിച്ച് ആള്‍ മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഹൃദയത്തിന്‍റെ വലിപ്പം, രൂപം, ഘടന തുടങ്ങിയവ പരിശോധിച്ച് മൂന്ന് വർഷം എടുത്താണ് സംവിധാനം വികസിപ്പിച്ചത്. ഗുരുതരമായ ഹൃദ്രോഗം വന്നാലല്ലാതെ ഒരാളുടെ ഹൃദയത്തിന്‍റെ രൂപഘടന മാറില്ലെന്നും പ്രൊഫസർ സു പറഞ്ഞു.
