24 മില്യണിലധികം വരിക്കാരുള്ള യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ അധ്യാപകനാണ് 'ഖാന്‍ സര്‍', ചില വിവാദങ്ങളും ഇയാളെ ചുറ്റിപ്പറ്റിയുണ്ട്
പട്‌ന: വിവാഹിതനായെന്ന് വെളിപ്പെടുത്തി പട്‍നയിലെ യൂട്യൂബറും വൈറൽ അധ്യാപകനുമായ 'ഖാൻ സർ'. ഒരു പരിശീലന സെഷനിൽ പഠിപ്പിക്കുന്നതിനിടയിൽ വളരെ യാദൃശ്ചികമായിട്ടാണ് തന്‍റെ വിവാഹവാർത്ത പ്രഖ്യാപിച്ച് അദേഹം വിദ്യാർഥികളെ അത്ഭുതപ്പെടുത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘർഷം കാരണം, ഈ മാസം ആദ്യം മിതമായ ആഘോഷങ്ങളോടെ തന്‍റെ വിവാഹം ലളിതമായി നടത്തുകയായിരുന്നു എന്നാണ് ഖാന്‍ സര്‍ പറയുന്നത്. ഖാനിന്‍റെ ഈ വെളിപ്പെടുത്തല്‍ എന്‍ഡിടിവിയും ഇന്ത്യാ ടുഡേയും അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആകർഷകമായ അധ്യാപന ശൈലിക്കും മത്സര പരീക്ഷാ മോഹികൾക്കിടയിൽ വൻതോതിലുള്ള പിന്തുണയ്ക്കും പേരുകേട്ട യൂട്യൂബറാണ് ഖാൻ സർ. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഖാൻ സർ തന്‍റെ വിവാഹക്കാര്യം പുറത്തറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് താൻ വിവാഹിതനായത് എന്ന് ഖാൻ സർ വെളിപ്പെടുത്തി. വിവാഹ തീയതി നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ആ സമയത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ മൂര്‍ച്ഛിച്ചിരുന്നതിനാല്‍ വിവാഹം ലളിതമായ രീതിയിലാണ് നടത്തിയതെന്നും അദേഹം കൂട്ടിച്ചേർത്തു. മെയ് 7-നാണ് ഖാന്‍ സറിന്‍റെ വിവാഹം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.
ജൂൺ 2-ന് പട്‍നയിൽ ഖാൻ സർ ഒരു റിസപ്‍ഷൻ സംഘടിപ്പിക്കുമെന്നാണ് സൂചന. അടുത്ത സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, വിദ്യാർഥികൾ എന്നിവരുൾപ്പെടെ നിരവധി പ്രശസ്‍ത വ്യക്തികൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഖാൻ സർ പട്‍നയിൽ 'ഖാൻ ജിഎസ് റിസർച്ച് സെന്‍റർ' നടത്തുന്നുണ്ട്. കൂടാതെ അതേ പേരിൽ ഒരു ജനപ്രിയ യൂട്യൂബ് ചാനലും നടത്തുന്നുണ്ട് അദേഹം. 24 ദശലക്ഷത്തിലധികം വരിക്കാരുണ്ട് ഈ യൂട്യൂബ് ചാനലിന്. രണ്ട് വർഷങ്ങൾക്ക് മുമ്പ് അഗ്നിവീർ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കും, അടുത്തിടെ ബിപിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ പ്രക്ഷോഭത്തിനും പിന്നിൽ പ്രവർത്തിച്ചതായി ആരോപിക്കപ്പെടുന്ന യൂട്യൂബർ കൂടിയാണ് പട്‌ന ആസ്ഥാനമായുള്ള ഈ അധ്യാപകൻ എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വളരെ പ്രശസ്തനാണെങ്കിലും, ഖാൻ സറിന്‍റെ മുഴുവൻ പേര് ഇപ്പോഴും അജ്ഞാതമാണെന്ന് ദ മിന്‍റ് റിപ്പോർട്ട് ചെയ്യുന്നു. പലരും അദേഹത്തിന്‍റെ മുഴുവൻ പേര് ഫൈസൽ ഖാൻ ആണെന്ന് പറയുന്നു. പക്ഷേ അദേഹം അത് സ്ഥിരീകരിച്ചിട്ടില്ല. അദേഹത്തിന്‍റെ വിവാഹ ക്ഷണക്കത്തിൽ പോലും 'ഖാൻ സർ' എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ. ഖാൻ എന്നത് ഒരു സാധാരണ മുസ്ലീം കുടുംബപ്പേരാണ്. എന്നാൽ ചില സമുദായങ്ങളിലെ ഹിന്ദുക്കളും ഇത് ഉപയോഗിക്കുന്നു. ഖാൻമാരുടെ മതപരമായ സ്വത്വം പലപ്പോഴും ദക്ഷിണേഷ്യയിലുടനീളം വ്യത്യാസപ്പെട്ടിരിക്കുന്നു. മുമ്പും ഖാൻ സർ തന്‍റെ മതത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിസമ്മതിച്ചിരുന്നു.


