Asianet News MalayalamAsianet News Malayalam

പെരുന്നാളിന് പടക്കം പോലെ പൊട്ടിയ ആദ്യ ഫോണ്‍

ഫേസ്ബുക് കിട്ടും പക്ഷെ ഹാങ്ങ്‌ നെറ്റ് ഓൺ ആക്കിയാൽ ഇടക്ക് ഇടക്ക് ഓട്ടോമാറ്റിക് ഓഫ്‌ ആവും. ഗ്യാലറിയില്‍ ഇള്ള വീഡിയോ ഓപ്പൺ ആകണേൽ കൊറച്ചു ടൈം എടുക്കും ചാർജ് പെട്ടന്ന് കൂടും അത് പോലെ കൊറയും - സിയാദ് അഹമ്മദ് എഴുതുന്നു

ziyad ahammed writes in my g my first phone
Author
Kerala, First Published Sep 26, 2018, 4:52 PM IST

ഒരീസം ഉച്ചക്ക് ചോറ് തിന്ന് ബാപ്പാന്‍റെ ഫോണിൽ ഫേസ്ബുക് നോക്കിയപ്പോളാണ് ഏഷ്യാനെറ്റിന്‍റെ ഞമ്മളെ ആദ്യ ഫോണിനെ പറ്റി എയ്താനുള്ള പരസ്യം കണ്ടത്. ബാപ്പാന്‍റെ ഫോണിലെ ഫേസ്ബുക് നോക്കാന്‍ കാരണം ഞമ്മളെമ്മൽ ഫോൺ ഇല്ലാത്തോണ്ടല്ല പക്ഷേങ്കില്‍ ഞമ്മളെ ഫോണിലെ ഫേസ്ബുക് എടുത്താൽ ഫോൺ മൊത്തം ഹാങ്ങ്‌ ആണ്.കാരണം റാം ഒരു ജിബി. ഞമ്മളെ ആദ്യ ഫോണിനെ പറ്റിയുള്ള അനുഭവം അല്ലേൽ നൊസ്റ്റാൾജിയ പറയാണേൽ അതൊരു ബല്ലാത്ത അനുഭവാ.... 

+2 പഠിക്കണ കാലത്ത് അതായത് ഒരു രണ്ടു കൊല്ലം മുമ്പ് ആണ് ആദ്യ ഫോൺ കിട്ടീത് ഗൾഫിലുള്ള ബാപ്പാനോട് കെഞ്ചി പറഞ്ഞപ്പളാണ്. ഫോൺ  അയക്കാന്ന് ബാപ്പ  പറഞ്ഞിട്ടും, ഉമ്മ മാണ്ടാ മാണ്ടാന്ന് പറഞ്ഞ് നിന്നും, എങ്കിലും ഒടുവില്‍  ഫോൺ കിട്ടി. ബാപ്പ നാട്ടിലുള്ള ഒരാളുടെ അടുത് കൊടുത്തയച്ചതാണ്. അവസാനം ഫോൺ വീട്ടില്‍ എത്തിയപ്പോ ഉമ്മ പറഞ്ഞു, ഫോൺ പെട്ടി കൊല്ലപരീക്ഷ കഴിഞ്ഞിട്ട് പൊട്ടിക്കാന്ന്. പക്ഷെ ഫോണ്‍ കണ്ടപ്പോ എനിക്ക് പൊട്ടിക്കാതിരിക്കാൻ കഴിഞ്ഞില്ല അങ്ങനെ പെട്ടി പൊട്ടിച്ചു നോക്കിയപ്പോ കിട്ടി ആദ്യ ഫോൺ സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍റ് പ്രൈം. 

ഇനിയാണ് ഫോണിനെ പറ്റിയുള്ള കദനകഥ ആരംഭിക്കുന്നത്,  ആദ്യായിട്ട് ആയിരുന്നു  ഉപയോഗിക്കുന്നത്  അതിനാല്‍ തന്നെ ഫോണുമായി വേഗം സൌഹൃദത്തിലായി. അങ്ങനെ വെക്കേഷനൊക്കെ ആയി കുറച്ച് കാലം കഴിഞ്ഞപ്പോൾ ഫോൺ കിട്ടിയതിന് ശേഷള്ള ആദ്യ ബലിയ പെരുന്നാള്‍ എത്തി. ഞങ്ങള്‍ ചെങ്ങാതിമാര്‍ എല്ലാം പുതിയ കുപ്പയമൊക്കെയിട്ട് പള്ളിയില്‍ പോകാന്‍ പ്ലാനിട്ടു. പടക്കം വാങ്ങി പൊട്ടിക്കലായിരുന്നു മറ്റൊരു പണി. അതിനിടയില്‍ ചെങ്ങായി കുട്ടിപ്പ ഒരു മേശ പൂത്തിരിക്ക് തീ കൊടുത്തു. ഞാന്‍ ആണെങ്കില്‍ അതിന്‍റെ വീഡിയോ പിടിച്ച് വാട്ട്സ്ആപ്പിലിടാന്‍ റെഡിയായി ഇരിക്കുന്നു. ഈ സമയം ഒരു പടക്കം എന്‍റെ തലയ്ക്ക് മുകളില്‍ വച്ച് പൊട്ടി. ആ ഞെട്ടലിൽ ഫോൺ കൈയ്യില്‍ നിന്നും തെറിച് പൊട്ടി. ഫോണിന്റെ ബോർഡ്‌ കംപ്ലയിന്റ് ആയി അങ്ങനെ ആ ഫോൺ അങ്ങട്ട് ചത്തു.

പിറ്റേന്ന് പെരുന്നാൾ ശോകം. പെരുന്നാളിന് സെൽഫി ഇല്ല സ്റ്റാറ്റസും ഇല്ല ആകെ അട പടലം. പിന്നെ അങ്ങട്ട് ഫോണില്ലാ കാലം, അവസാനം മാമന്‍ ഒരു ഫോൺ കൊണ്ടുവന്നു പാനസോണിക്കിന്‍റെ ഒരു ഫോൺ. ഫോണിനെ പറ്റി ഗൂഗിള് ചെയ്തപ്പോ റിവ്യൂ കിട്ടി 1 സ്റ്റാര്‍! ഇപ്പൊ ആ ഫോണിൽ അങ്ങനെ തള്ളി നീക്കും. ഫോണിൽ ഫേസ്ബുക് കിട്ടും പക്ഷെ ഹാങ്ങ്‌ നെറ്റ് ഓൺ ആക്കിയാൽ ഇടക്ക് ഇടക്ക് ഓട്ടോമാറ്റിക് ഓഫ്‌ ആവും. ഗ്യാലറിയില്‍ ഇള്ള വീഡിയോ ഓപ്പൺ ആകണേൽ കൊറച്ചു ടൈം എടുക്കും ചാർജ് പെട്ടന്ന് കൂടും അത് പോലെ കൊറയും ! അങ്ങനെ ഇപ്പൊ തട്ടി മുട്ടി ആ ഫോണേറ്റ് ഇങ്ങനെ പോകുന്നു. ഇടക്ക് ഇടക്ക് യൂട്യൂബില്‍ കയറി  വണ്‍പ്ലസ്, പോക്കോഫോൺ, ഇതിന്റെ ഒക്കെ വീഡിയോ ഇങ്ങനെ കാണും ഇനി ഇതൊക്കെ രക്ഷയൊള്ളുന്നാലും ഇടയ്ക്ക്  ഞമ്മളെ പഴേ ഫോണിനെ കുറിച്ച് ആലോചിക്കും. 

Follow Us:
Download App:
  • android
  • ios