ദില്ലി: ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ 541 തൊഴിലാളികളെ പിരിച്ചുവിടുന്നു. സപ്പോര്‍ട്ട് വിഭാഗത്തില്‍നിന്നാണ് കൂട്ടപിരിച്ചുവിടല്‍ നടത്തുന്നത്. തൊഴിലാളികള്‍ക്ക് പകരം നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ്-എഐ) ഉപയോഗിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് തൊഴിലാളികളെ പിരിച്ചു വിടുന്നത്. വേദനാജനകമായ തീരുമാനമിതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഇതോടെ സൊമാറ്റോയിലെ 10 ശതമാനം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. ഉപഭോക്തൃ സേവനങ്ങള്‍ക്കായി നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിടുക. നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ കസ്റ്റമര്‍ കെയര്‍ സംവിധാനം മുന്നോട്ടുകൊണ്ടുപോകാമെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ഇതോടെ സേവനത്തില്‍ വേഗത കൈവരിക്കാനായെന്ന് കമ്പനി അവകാശപ്പെട്ടു.