വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യ മലയാളചിത്രം

വിജയ് സേതുപതി (Vijay Sethupathi), നിത്യ മേനന്‍ (Nithya Menen) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 19 വണ്‍ എ (19 1 a) എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ആഖ്യാനം ലളിതമായിരിക്കുമ്പോഴും ഗൌരവമേറിയ ഒരു ഉള്ളടക്കം പറയുന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ആന്‍റ് ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫും നീത പിന്‍റോയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ഇന്ദ്രജിത്ത് സുകുമാരനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, അതുല്യ ആഷാഠം, ഭഗത് മാനുവല്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം മനേഷ് മാധവ്, സംഗീതം ഗോവിന്ദ് വസന്ദ, എഡിറ്റിംഗ് മനോജ്. വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19. ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 

ALSO READ : ജോജു മികച്ച നടന്‍, ദുര്‍​ഗ നടി; ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു

വിജയ് സേതുപതി ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യ മലയാളചിത്രം എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. എന്നാല്‍ വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമല്ല ഇത്. ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്‍ത മാര്‍ക്കോണി മത്തായിയായിരുന്നു വിജയ് സേതുപതിയുടെ ആദ്യ ചിത്രം. ഇതില്‍ വിജയ് സേതുപതിയായിത്തന്നെ അതിഥിവേഷത്തിലാണ് അദ്ദേഹം എത്തിയത്. 

19(1)(a) Official Teaser | Vijay Sethupathi, Nithya Menen, Indrajith Sukumaran | Disney Plus Hotstar