Asianet News MalayalamAsianet News Malayalam

ലെസ്‍ബിയന്‍ പ്രണയകഥയുമായി കേറ്റ് വിന്‍സ്‍ലെറ്റ്, സര്‍ഷ റോണന്‍; 'ആമനൈറ്റ്' ട്രെയ്‍ലര്‍

ദി ഫാര്‍മേഴ്സ് വൈഫും ഗോഡ്‍സ് ഓണ്‍ കണ്‍ട്രിയുമൊക്കെ ഒരുക്കിയ ഫ്രാന്‍സിസ് ലീ ആണ് സംവിധായകന്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയ കാന്‍സ്, ടെലുറൈഡ് ചലച്ചിത്രോത്സവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു ഇത്.

ammonite official trailer
Author
Thiruvananthapuram, First Published Aug 25, 2020, 8:25 PM IST

കേറ്റ് വിന്‍സ്‍ലെറ്റ്, സര്‍ഷ റോണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് ഡ്രാമ ചിത്രം ആമനൈറ്റിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 1840കളിലെ ഇംഗ്ലണ്ട് പശ്ചാത്തലമാക്കുന്ന ചിത്രം ബ്രിട്ടീഷ് പാലിയെന്‍റോളജിസ്റ്റ് മേരി ആന്നിംഗിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. വിന്‍സ്‍ലെറ്റ് ആണ് മേരി ആന്നിംഗിന്‍റെ വേഷത്തില്‍ എത്തുന്നത്.

ഭൂവിജ്ഞാന മേഖലയിലെ കണ്ടുപിടുത്തങ്ങളുടെ നാളുകള്‍ക്ക് ശേഷം ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഫോസിലുകളുടെ ശേഖരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മേരി ആന്നിംഗ്. ഒരിക്കല്‍ മേരിയെ സന്ദര്‍ശിക്കുന്ന ഒരു വിനോദസഞ്ചാരി വിഷാദരോഗമുള്ള തന്‍റെ ഭാര്യ ഷാര്‍ലറ്റ് മര്‍ച്ചിസണിനെ ശുശ്രൂഷിക്കാനായി വരാമോ എന്ന് അന്വേഷിക്കുന്നു. ആ ക്ഷണം സ്വീകരിക്കുകയാണ് മേരി. സര്‍ഷ റോണന്‍ ആണ് ഷാര്‍ലറ്റ് ആയി എത്തുന്നത്. 

ദി ഫാര്‍മേഴ്സ് വൈഫും ഗോഡ്‍സ് ഓണ്‍ കണ്‍ട്രിയുമൊക്കെ ഒരുക്കിയ ഫ്രാന്‍സിസ് ലീ ആണ് സംവിധായകന്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയ കാന്‍സ്, ടെലുറൈഡ് ചലച്ചിത്രോത്സവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു ഇത്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ടൊറന്‍റോ ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യുഎസില്‍ നിയോണും യുകെയില്‍ ലയണ്‍സ്‍ഗേറ്റുമാണ് വിതരണം. റിലീസ് തീയ്യതി പിന്നാലെ. ട്രെയ്‍ലര്‍ കാണാം.

Follow Us:
Download App:
  • android
  • ios