'കടത്തല്‍ കാരന്‍' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ മലയാളി സംവിധായകന്‍ എസ് കുമാര്‍ സംവിധാനം ചെയ്‍ത ഹ്രസ്വചിത്രം

അന്തര്‍ദേശീയ ചലച്ചിത്രമേളകളിലൂടെ പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്ന 'ആത്മപ്രയാണം' എന്ന ഹ്രസ്വചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ 'കടത്തല്‍ കാരന്‍' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ മലയാളി സംവിധായകന്‍ എസ് കുമാര്‍ എന്ന സനല്‍കുമാര്‍ ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മീയത നല്‍കുന്ന സാന്ത്വനത്തെക്കുറിച്ചുള്ളതാണ് ചിത്രം. 

ദുര്‍ഗ മനോജിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ബ്ലെസ്സിംഗ് ഫ്രെയിംസിന്‍റെ ബാനറില്‍ ഹരിനാരായണന്‍ എം നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രദോഷ് മോഹന്‍, ശര്‍മാജി, മനോജ് എം പി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ജിനോ ബാബു, എഡിറ്റിംഗ് ദീപു പ്രസാദ്, സംഗീത സംവിധാനം ബിബിന്‍ അശോക്, പിആര്‍ഒ ശിവാനി. ചിത്രം വൈകാതെ അന്താരാഷ്ട്രമേളകളില്‍ പങ്കെടുക്കാനായി പുറത്തിറങ്ങും. കന്യാകുമാരി, മരുത്വമാല എന്നിവിടങ്ങളിലായി പൂര്‍ത്തിയായ ചിത്രം വിവിധ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കടത്തല്‍ കാരന്‍. ഭാരതിരാജ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തെ പ്രശംസിച്ചിരുന്നു. സീരിയല്‍ മേഖലയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചതിനുശേഷമാണ് സ്വപ്‍നമായ സിനിമാസംവിധാനത്തിലേക്ക് എസ് കുമാര്‍ എത്തുന്നത്.

YouTube video player