സത്യമേവ ജയതേ 2നു ശേഷമെത്തുന്ന ജോണ്‍ എബ്രഹാം ചിത്രം

ജോണ്‍ എബ്രഹാം (John Abraham) സൈനിക വേഷത്തില്‍ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം അറ്റാക്കിന്‍റെ (Attack) ട്രെയ്‍ലര്‍ പുറത്തെത്തി. ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ സോള്‍ജ്യര്‍ എന്നാണ് അണിയറക്കാര്‍ ജോണിന്‍റെ നായക കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് പുറത്തെത്തിയ ട്രെയ്‍ലര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ മിഷന്‍ ആണ് ജോണിന്‍റെ നായകന്‍ അര്‍ജുന്‍ ഷെര്‍ഗിലിന് മുന്നിലെത്തുന്നത്. പുറത്തെ ശത്രുക്കള്‍ക്കൊപ്പം തന്‍റെ ഉള്ളിലെ ഇരുണ്ട വശങ്ങളുമായും പോരാടേണ്ടിവരുന്ന കഥാപാത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ദ് ഹോളിഡേ ഉള്‍പ്പെടെയുള്ള സിരീസുകളുടെ സംവിധായകന്‍ ലക്ഷ്യ രാജ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഒരു സാധാരണ ആക്ഷന്‍ ചിത്രമല്ല അറ്റാക്ക് എന്നും ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്‍റെ ചില ഘടകങ്ങളുള്ള, സങ്കീര്‍ണ്ണതയുള്ള ഡ്രാമയാണെന്നും അണിയറക്കാര്‍ വിശദീകരിക്കുന്നു. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ജോണ്‍ എഭ്രഹാമിനൊപ്പം ജാക്വലിന്‍ ഫെര്‍ണാണ്ടസ്, രാകുല്‍ പ്രീത് സിംഗ്, പ്രകാശ് രാജ്, രത്ന പതക് ഷാ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡോ. ജയന്തിലാല്‍ ഗഡ, അജയ് കപൂര്‍ എന്നിവര്‍ക്കൊപ്പം ജോണ്‍ എബ്രഹാമും ചേര്‍ന്നാണ് നിര്‍മ്മാണം. ധവാല്‍ ജയന്തിലാല്‍ ഗഡ, അക്ഷയ് ജയന്തിലാല്‍ ഗഡ എന്നിവയാണ് സഹനിര്‍മ്മാണം.

ജോണ്‍ എബ്രഹാമിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ കഥ. ലക്ഷ്യ രാജ് ആനന്ദിനൊപ്പം സുമിത് ബതേജ, വിശാല്‍ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വില്‍ ഹംഫ്രിസ്, പി എസ് വിനോദ്, സൗമിക് മുഖര്‍ജി, സംഗീതം ശാശ്വത് സച്ച്ദേവ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗരിമ മാത്തൂര്‍, വസ്ത്രാലങ്കാരം രോഹിത് ചതുര്‍വേദി, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്, ആക്ഷന്‍ ഡയറക്ടേഴ് ഫ്രാന്‍സ് സ്പില്‍ഹോസ്, അമൃത്പാല്‍ സിംഗ്, അമിന്‍ ഖാതിബ്, സൗണ്ട് ഡിസൈന്‍ ബിശ്വദീപ് ദീപക് ചാറ്റര്‍ജി. ഏപ്രില്‍ 1 ആണ് റിലീസ് തീയതി. സത്യമേവ ജയതേ 2നു ശേഷം എത്തുന്ന ജോണ്‍ എബ്രഹാം ചിത്രമാണിത്.

അതേസമയം കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം ബോളിവുഡിന് ലഭിക്കുന്ന ആദ്യ വിജയചിത്രമായി മാറിയിരിക്കുകയാണ് അലിയ ഭട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 10.50 കോടിയായിരുന്നു. തൊട്ടുപിറ്റേദിവസം പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും നേടിയിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയുമാണ്. കൊവിഡിന് ശേഷമുള്ള ബോളിവുഡ് ബോക്സ് ഓഫീസ് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍ ആണിത്. അക്ഷയ് കുമാര്‍ നായകനായ സൂര്യവന്‍ശി, രണ്‍വീര്‍ സിം​ഗ് നായകനായ 83 എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സൂര്യവന്‍ശി 120.66 കോടിയും 83 71.87 കോടിയുമാണ് നേടിയിരുന്നത്.

YouTube video player