പാരഡി ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം

ഹിമേഷ് രഷമിയയെ നായകനാക്കി കെയ്ത്ത് ഗോമസ് സംവിധാനം ചെയ്യുന്ന ബാഡാസ് രവികുമാര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. അഞ്ചാം തീയതി പുറത്തെത്തിയ ട്രെയ്‍ലറിന് യുട്യൂബില്‍ ഇതിനകം 4.3 കോടിയിലേറെ കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഉത്തരേന്ത്യയിലും ട്രെന്‍ഡ് ആയ മലയാള ചിത്രം മാര്‍ക്കോയിലെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്‍റെ ഗെറ്റപ്പുമായി സാമ്യമുണ്ട് ഹിമേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ട്രെയ്‍ലറില്‍. ഒപ്പം ആക്ഷന്‍ രംഗങ്ങളില്‍ ഉപയോഗിക്കുന്ന ചില ആയുധങ്ങളിലും. എന്നാല്‍ കഥയിലും അവതരണത്തിലുമൊന്നും മാര്‍ക്കോയുമായി സാമ്യമില്ലാത്ത ചിത്രമാണ് ബാഡാസ് രവികുമാര്‍. എന്നിരിക്കിലും ചില ഫ്രെയ്മുകളില്‍ മാര്‍ക്കോയുമായുള്ള സാമ്യത്തിന്‍റെ പേരില്‍ ഈ ട്രെയ്‍ലര്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുന്നുണ്ട്.

1980 കളില്‍ ബോളിവുഡില്‍ ഉണ്ടായിരുന്ന മസാല ചിത്രങ്ങളുടെ ചേരുവയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം പാരഡി ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ്. ഹിമേഷ് രഷമിയ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം അദ്ദേഹം തന്നെ മുന്‍പ് അഭിനയിച്ച മറ്റൊരു ചിത്രത്തില്‍ നിന്ന് എടുത്തിരിക്കുന്നതാണ്. 2014 ല്‍ പുറത്തെത്തിയ ദി എക്സ്പോസ് എന്ന ചിത്രത്തില്‍ ഹിമേഷ് അവതരിപ്പിച്ച നായക കഥാപാത്രമായിരുന്നു രവി കുമാര്‍. മുന്‍കാല ബോളിവുഡ് ചിത്രങ്ങളുടെ പല ഘടകങ്ങളെയും സ്പൂഫ് എന്ന രീതിയില്‍ കൊണ്ടുവന്നിരിക്കുന്ന ചിത്രത്തില്‍ പ്രഭുദേവയും അഭിനയിക്കുന്നുണ്ട്. കാര്‍ലോസ് പെ‍ഡ്രോ പാന്തര്‍ എന്നാണ് പ്രഭുദേവയുടെ കഥാപാത്രത്തിന്‍റെ പേര്.

നാസര്‍, സൗരഭി സച്ച്ദേവ, ജോണി ലിവര്‍, അശുതോഷ് റാണ, സഞ്ജയ് മിശ്ര, യോഗി ബാബു, പ്രശാന്ത് നാരായണന്‍, മിലിന്ദ് സോമന്‍ എന്നിവര്‍ക്കൊപ്പം അതിഥിവേഷത്തില്‍ സണ്ണി ലിയോണും ചിത്രത്തില്‍ എത്തുന്നുണ്ട്. ഫെബ്രുവരി 7 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

ALSO READ : വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ; 'രേഖാചിത്രം' ഉടന്‍ തിയറ്ററുകളിലേക്ക്

BADASS RAVI KUMAR OFFICIAL TRAILER | Himesh Reshammiya| In Cinemas 7th February