ഏപ്രില്‍ 18 റിലീസ്

ലോകമെമ്പാടും ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ സിരീസ് ആണ് ബെറ്റര്‍ കോള്‍ സോള്‍ (Better Call Saul). ഇപ്പോഴിതാ സിരീസിന്‍റെ അവസാന സീസണ്‍ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നു. ആറാമത്തേതും അവസാനത്തേതുമായ സീസണിന്‍റെ വരവറിയിച്ചുകൊണ്ട് ടീസര്‍ കഴിഞ്ഞ മാസം പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ട്രെയ്‍ലറും പുറത്തെത്തിയിട്ടുണ്ട്. ഒപ്പം റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുന്നു. 

1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആരാധകരുടെ ആകാംക്ഷയെ ഉയര്‍ത്തുന്ന ഒന്നാണ്. പ്രധാന കഥാപാത്രങ്ങളൊക്കെ ട്രെയ്‍ലറില്‍ സാന്നിധ്യം അറിയിക്കുന്നുമുണ്ട്. ആരാധകരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്നതായിരിക്കും ഫൈനല്‍ സീസണ്‍ എന്ന തോന്നല്‍ സൃഷ്ടിക്കുന്നുമുണ്ട് ട്രെയ്‍ലര്‍. എഎംസിയിലും എഎംസി പ്ലസിലുമായി ഏപ്രില്‍ 18നാണ് സീസണ്‍ 6 എത്തുക.

വെബ് സിരീസുകളുടെ ചരിത്രത്തില്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിട്ടുള്ള സിരീസുകളില്‍ ഒന്നായ ബ്രേക്കിംഗ് ബാഡിന്‍റെ പ്രീക്വല്‍ ആയി 2015ലാണ് ബെറ്റര്‍ കോള്‍ സോളിന്‍റെ ആദ്യ സീസണ്‍ പുറത്തെത്തിയത്. ബ്രേക്കിംഗ് ബാഡില്‍ ബോബ് ഓഡെന്‍കേര്‍ക്ക് അവതരിപ്പിച്ച ജിമ്മി മക്ഗില്‍ (സോള്‍ ഗുഡ്‍മാന്‍) എന്ന വക്കീല്‍ കഥാപാത്രത്തിന്‍റെ സ്‍പിന്‍- ഓഫ് ആണ് ബെറ്റര്‍ കോള്‍ സോള്‍. ബ്രേക്കിംഗ് ബാഡിന്‍റെ ഒറിജിനല്‍ നെറ്റ്‍വര്‍ക്ക് ആയ എഎംസിയില്‍ തന്നെയാണ് ബെറ്റര്‍ കോള്‍ സോളും ആദ്യം പ്രീമിയര്‍ ചെയ്യപ്പെട്ടത്. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും ആരാധകരെയും നേടി. 2015ല്‍ തുടങ്ങി 2016, 2017, 2018, 2020 വര്‍ഷങ്ങളിലാണ് ആദ്യ അഞ്ച് സീസണുകള്‍ പുറത്തെത്തിയത്. 

YouTube video player