2012ല്‍ എത്തിയ 'കഹാനി'യുടെ സ്‍പിന്‍ ഓഫ്

അഭിഷേക് ബച്ചന്‍ (Abhishek Bachchan) നായകനാവുന്ന ക്രൈം ത്രില്ലര്‍ ചിത്രം ബോബ് ബിശ്വാസിന്‍റെ ട്രെയ്‍ലര്‍ (Bob Biswas Trailer) പുറത്തെത്തി. വിദ്യ ബാലനെ നായികയാക്കി 2012ല്‍ സുജോയ് ഘോഷ് സംവിധാനം ചെയ്‍ത 'കഹാനി'യുടെ സ്‍പിന്‍ ഓഫ് ആണ് ബോബ് ബിശ്വാസ്. കഹാനിയില്‍ ശാശ്വത ചാറ്റര്‍ജി അവതരിപ്പിച്ച ബോബ് ബിശ്വാസ് എന്ന കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിക്കുകയാണ് സ്‍പിന്‍ ഓഫ്. ശാശ്വത ചാറ്റര്‍ജിക്കു പകരം അഭിഷേക് ബച്ചനാണ് എത്തുന്നതെന്നതും പ്രത്യേകത.

അഭിഷേക് ബച്ചന്‍റെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളില്‍ ഒന്നാവും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. കോമ അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ് ബോബ് ബിശ്വാസ് എന്ന വാടകക്കൊലയാളി. എന്നാല്‍ തന്‍റെ പോയകാലം അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ചിത്രാംഗദ സിംഗ്, പരന്‍ ബന്ദോപാധ്യായ്, രജാതവ ദത്ത എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതയായ ദിയ അന്നപൂര്‍ണ്ണ ഘോഷ് ആണ് സംവിധാനം. ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റും സുജോയ് ഘോഷിന്‍റെ ബൗണ്ട് സ്ക്രിപ്റ്റ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം. ഒടിടി പ്ലാറ്റ്‍ഫോം സീ5ന്‍റെ ഒറിജിനല്‍ ചിത്രമായ ബോബ് ബിശ്വാസ് ഡിസംബര്‍ 3ന് സീ5ലൂടെ പ്രേക്ഷകരിലേക്ക് എത്തും.