Asianet News MalayalamAsianet News Malayalam

ആമിര്‍ ഖാന് കഴിയാതിരുന്നത് രണ്‍ബീറിന് കഴിയുമോ? ബോളിവുഡിന് പ്രതീക്ഷയേറ്റി ബ്രഹ്മാസ്ത്ര വരുന്നു: പ്രൊമോ വീഡിയോ

അസ്ത്രാവേഴ്സ് എന്ന സിനിമാ ഫ്രാഞ്ചൈലിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1: ശിവ

brahmastra pre release promo ranbir kapoor amitabh bachchan alia bhatt Ayan Mukerji
Author
First Published Sep 4, 2022, 9:39 AM IST

തെന്നിന്ത്യയില്‍ നിന്നുള്ള ബിഗ് ബജറ്റ് താരചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ റിലീസുകളായി ബോക്സ് ഓഫീസില്‍ വന്‍ കൊയ്ത്ത് നടത്തുമ്പോള്‍ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബോളിവുഡ് സിനിമാലോകം. കൊവിഡിനു ശേഷം വന്‍ സാമ്പത്തിക വിജയങ്ങളൊന്നും നേടാന്‍ ഇതുവരെ ബോളിവുഡിന് കഴിഞ്ഞിട്ടില്ല. ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ സ്വന്തം പേരിലുള്ള അക്ഷയ് കുമാറിന്‍റെ ചിത്രങ്ങള്‍ പോലും തിയറ്ററുകളില്‍ ചലനമുണ്ടാക്കുന്നില്ല. സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ഛദ്ദയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു ബോളിവുഡ്. എന്നാല്‍ ആ ചിത്രത്തെയും പ്രേക്ഷകര്‍ തഴഞ്ഞു. ഹിന്ദി ചലച്ചിത്രലോകത്തിന്‍റെ ഇപ്പോഴത്തെ പ്രതീക്ഷ ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്താനിരിക്കുന്ന മറ്റൊരു ചിത്രത്തിന്മേലാണ്. രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ബ്രഹ്‍മാസ്ത്രയാണ് അത്. സെപ്റ്റംബര്‍ 9 ന് ലോകമാകമാനം തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രൊമോ ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി.

അസ്ത്രാവേഴ്സ് എന്ന സിനിമാ ഫ്രാഞ്ചൈലിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1: ശിവ. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു എന്നത് ഈ ചിത്രത്തിന്‍റെ കൌതുകമാണ്. ഫാന്‍റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.

അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയെക്കുറിച്ച് അയന്‍ മുഖര്‍ജി പറഞ്ഞത്

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.

ALSO READ : 25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍, ഒപ്പം ചാക്കോച്ചന്‍; 'ഒറ്റ്' വീഡിയോ ഗാനം

Follow Us:
Download App:
  • android
  • ios