നടന്‍ മുഹമ്മദ് മുസ്‍തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള

അനിഖ സുരേന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ബുട്ട ബൊമ്മയുടെ ടീസര്‍ എത്തി. 2020 ല്‍ പുറത്തെത്തി വലിയ പ്രേക്ഷകശ്രദ്ധ നേടിയ മലയാള ചിത്രം കപ്പേളയുടെ റീമേക്ക് ആണിത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖ എത്തുമ്പോള്‍ റോഷന്‍ മാത്യുവിന്‍റെ റോളില്‍ സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസിയുടെ റോളില്‍ അര്‍ജുന്‍ ദാസുമാണ് എത്തുന്നത്. 1.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്താന്‍ പര്യാപ്തമാണ്.

നടന്‍ മുഹമ്മദ് മുസ്‍തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള. കൊവിഡിനു തൊട്ടുമുന്‍പ് തിയറ്ററുകളിലെത്തിയ ചിത്രമാണ്. അതിനാല്‍ത്തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുന്‍പ് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ പിന്നീട് നെറ്റ്ഫ്ലിക്സ് റിലീസിലൂടെ ചിത്രം ട്രെന്‍ഡ് സൃഷ്ടിക്കുകയും ചെയ്‍തു. 2020ലെ ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയിരുന്ന ചിത്രം നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തിരുന്നു.

തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്. അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്‍സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഇത്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാളചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതും ഇതേ നിര്‍മ്മാണക്കമ്പനി ആയിരുന്നു. 

ALSO READ : 'ബാഹുബലി'യെയും 'പൊന്നിയിന്‍ സെല്‍വ'നെയും വെല്ലാന്‍ ഷങ്കറിന്‍റെ 'വേല്‍പാരി'; എത്തുക മൂന്ന് ഭാഗങ്ങളില്‍

കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‍ണു വേണുവാണ് കപ്പേള നിര്‍മ്മിച്ചത്. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നെറ്റ്ഫ്ളിക്സില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആയിരുന്നു. സംഗീതം സുഷിന്‍ ശ്യാം. അതേസമയം ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ ഗൌതം മേനോന്‍ ആണ്. അതേസമയം തമിഴിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. 

#ButtaBomma - Official Teaser | Anikha Surendran,Arjun Das, Surya Vashistta | Gopi Sundar| Shourie T