തന്‍റെ സിനിമകള്‍ പോലെ തന്നെ അവയുടെ പരസ്യപ്രചാരണത്തിലും തന്‍റേതായ വഴികള്‍ സ്വീകരിച്ചുപോരുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഏറ്റവും പുതിയ ചിത്രം 'ചുരുളി'യെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ലിജോ ആദ്യമായി പറയുന്നതു തന്നെ അതിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു. രണ്ടു ദിവസം മുന്‍പു പുറത്തെത്തിയ ട്രെയ്‍ലറിന് ഏഴ് ലക്ഷത്തിലധികം കാഴ്‍ചകള്‍ ലഭിച്ചിരുന്നു. 18+, അഡള്‍ട്ട്സ് ഒണ്‍ലി മുന്നറിയിപ്പുകളോടെയായിരുന്നു ഈ ട്രെയ്‍ലര്‍. ഇപ്പോഴിതാ അന്നെത്തിയ ട്രെയ്‍ലറിന് ഒരു ആള്‍ട്ടര്‍നേറ്റ് എന്‍ഡിംഗ് ഉള്‍പ്പെടുത്തി വീണ്ടും പുറത്തിറക്കിയിരിക്കുകയാണ് ലിജോ.

കഥാപാത്രങ്ങള്‍ പറയുന്ന തെറിവാക്കുകള്‍ പുതിയ ട്രെയ്‍ലറില്‍ കുറവാണ്. 18+, അഡള്‍ട്ട്സ് ഒണ്‍ലി ടാഗുകളും പുതിയ ട്രെയ്‍ലറില്‍ ഇല്ല. ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനോയ് തോമസിന്‍റെ തിരക്കഥയെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം മധു നീലകണ്ഠന്‍. എഡിറ്റിംഗ് ദീപു ജോസഫ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. അനിമേഷന്‍ ഡയറക്ടര്‍ ബലറാം ജെ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. മൂവി മൊണസ്റ്ററി, ചോംബോസ്‍കി മോഷന്‍ പിക്‍ചേഴ്‍സ് എന്നിവയുടെ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ റിലീസ് ഒടിടി പ്ലാറ്റ്ഫോം വഴി ആയിരിക്കുമോ എന്ന് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.