ധനുഷ് നായകനാകുന്ന 'തേരേ ഇഷ്‌ക് മേ' എന്ന പുതിയ ചിത്രത്തിന്റെ തമിഴ് ട്രെയിലർ പുറത്തിറങ്ങി. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ത്രില്ലറിൽ കൃതി സനോൺ ആണ് നായിക.

നുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തേരേ ഇഷ്‌ക് മേയുടെ തമിഴ് ട്രെയിലർ റിലീസ് ചെയ്തു. പ്രണയവും വിരഹവും പറയുന്ന ഒരു പക്ക റൊമാന്റിക് ത്രില്ലറാണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കൃതി സനോൺ നായികയായി എത്തുന്ന ചിത്രം നവംബർ 28ന് തിയറ്ററുകളിൽ എത്തും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'തേരേ ഇഷ്‌ക് മേ' റിലീസ് ചെയ്യുന്നത്.

ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തേരേ ഇഷ്‌ക് മേ'. അദ്ദേഹത്തിന്‍റെ പ്രൊഡക്ഷന്‍ ഹൌസും ടിസീരിസിന്‍റെ ബാനറില്‍ ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നു.രാഞ്ജാന എന്ന ചിത്രത്തില്‍ മുന്‍പ് ഇതേ കൂട്ട്കെട്ട് ഒന്നിച്ചിരുന്നു. ഹിമാൻഷു ശർമ്മയും നീരജ് യാദവും ചേർന്ന് എഴുതിയ ഈ ചിത്രത്തില്‍ രാഞ്ജനയിലെ പോലെ തന്നെ വികാരാധീനമായ പ്രണയവും അതിന്‍റെ തീവ്രതയും നിലനിര്‍ത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്.

അതേസമയം, 'ഇഡ്‍ലി കടൈ' എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്‍ത ധനുഷ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഓപ്പണിംഗില്‍ 10 കോടി രൂപയിലധികമാണ് നെറ്റ് കളക്ഷൻ നേടിയത്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്