മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിന് എത്തും

ഫഹദ് ഫാസിലിനെ നായകനാക്കി പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ധൂമത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സിനിമാ തിയറ്ററുകളില്‍ കാണിക്കാറുള്ള പുകയില ഉപയോഗത്തിനെതിരായ സര്‍ക്കാര്‍ പരസ്യത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് ആരംഭിക്കുന്ന ട്രെയ്‍ലര്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാണ്. 2.29 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ചിത്രം എന്തായിരിക്കുമെന്നറിയാനുള്ള കൌതുകം പ്രേക്ഷകരില്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാണ കമ്പനി ഹൊംബാളെ ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അവരുടെ ആദ്യ മലയാള ചിത്രവുമാണ് ഇത്.

ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ധൂമം ഒരുക്കുന്ന പവന്‍ കുമാര്‍. അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രം മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിന് എത്തും. പവന്‍ കുമാറിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. മാസ് വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുകയെന്നാണ് നിർമ്മാതാവ് വിജയ് കിരഗണ്ടൂര്‍ പറഞ്ഞിരിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന സിനിമ കൂടെയാണ് ധൂമം.

റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു, ഭാനുമതി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. പ്രീത ജയരാമൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. എഡിറ്റിംഗ് സുരേഷ് അറുമുഖൻ, സംഗീതം പൂർണചന്ദ്ര തേജസ്വി, ക്രിയേറ്റീവ് പ്രൊഡ്യൂസേഴ്സ് കാർത്തിക് ​ഗൗഡ, വിജയ് സുബ്രഹ്മണ്യം, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ കബീർ മാനവ്, ആക്ഷൻ ഡയറക്ടർ ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിസ്റ്റ് ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ ജോസ്മോൻ ജോർജ്, പി ആർ ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്‍റ് ബിനു ബ്രിങ് ഫോർത്ത്. ഹിറ്റ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ ഒത്തുചേരുന്ന ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുണ്ട് ധൂമം.

ALSO READ : 'ഞങ്ങള്‍ക്ക് ഇവിടെ തുടരാന്‍ താല്‍പര്യമില്ല'; റിനോഷിനെയും മിഥുനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് 'ബോസ്'

Dhoomam - Malayalam Trailer | Fahadh Faasil | Aparna | Pawan Kumar | Vijay Kirgandur | Hombale Films