മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാളിന് തലേന്നാണ് സര്‍പ്രൈസ് അനൗണ്‍സ്‍മെന്‍റ് ആയി ദൃശ്യം 2 പ്രഖ്യാപിക്കപ്പെടുന്നത്. ലോക് ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിക്കുന്ന ഒരു ക്രൈം ത്രില്ലര്‍ എന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മലയാളസിനിമയില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം. ഇടുക്കിയിലെ ഒരു കേബിള്‍ ടിവി ഓപ്പറേറ്റര്‍ ആയ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. യാദൃശ്ചികമായി സംഭവിച്ചുപോകുന്ന ഒരു ക്രൈം മൂടിവെക്കാന്‍ ജോര്‍ജ്ജുകുട്ടിയും കുടുംബവും നടത്തുന്ന പരിശ്രമങ്ങളായിരുന്നു ചിത്രം. അവസാനം വരെ സസ്‍പെന്‍സ് നിലനിര്‍ത്തിയ ചിത്രം തീയേറ്ററുകളില്‍ വലിയ വിജയം ആഘോഷിച്ചു. പല ഭാഷകളിലും റീമേക്ക് ചെയ്യപ്പെടുകയും ചെയ്‍തു.

ജോര്‍ജ്ജുകുട്ടിയുടെ രണ്ടാം വരവിലും രചയിതാവും സംവിധായകനും ജീത്തു ജോസഫ് തന്നെയാണ്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കും. അറുപത് ദിവസത്തെ ഒറ്റ ഷെഡ്യൂള്‍ ആയി ചിത്രീകരണം നടത്താനാണ് പദ്ധതി. ജീത്തു തന്നെ സംവിധാനം നിര്‍വ്വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രം റാമിന്‍റെ അവശേഷിക്കുന്ന വിദേശ ഷെഡ്യൂള്‍ ഇതിനു ശേഷമേ നടക്കൂ.